സിബിഎസ്ഇ ജില്ലാ ഹാൻഡ്ബോൾ ടൂർണമെന്റ് ; കിരീടം കരസ്ഥമാക്കി അൽഫോൻസാ സ്കൂൾ
1591019
Friday, September 12, 2025 5:06 AM IST
താമരശേരി: കോഴിക്കോട് ജില്ല സിബിഎസ്ഇ സ്കൂളുകളുടെ ഹാൻഡ് ബോൾ ടൂർണമെന്റിൽ നാലു വിഭാഗത്തിൽ അൽഫോൻസാ സ്കൂൾ കിരീടം സ്വന്തമാക്കി. താമരശേരി അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ടൂർണമെന്റിൽ ജില്ലയിലെ 14 സിബിഎസ്ഇ സ്കൂളുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു.
14 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ താമരശേരി അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂൾ കുറ്റിക്കാട്ടൂർ ബി ലൈൻ പബ്ലിക് സ്കൂളിനെ ഫൈനലിൽ ഏകപക്ഷീയമായ 12 ഗോളുകൾക്ക് പരാജയപ്പെടുത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ താമരശേരി അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നിനെതിരേ നാലു ഗോളുകൾക്ക് ബി ലൈൻ സ്കൂളിനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
17 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ താമരശേരി അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂൾ ദയാപുരം റസിഡൻഷ്യൽ സ്കൂളിനെ നാലിനെതിരേ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി കിരീടം കരസ്ഥമാക്കി. ഈ വിഭാഗത്തിൽ ബി ലൈൻ പബ്ലിക് സ്കൂളിനാണ് മൂന്നാം സ്ഥാനം.
17 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ മത്സരത്തിൽ താമരശേരി അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂൾ ദയാപുരം റസിഡൻഷ്യൽ സ്കൂളിനെ ആറിനെതിരെ 11 ഗോളുകൾക്ക് പരാജയപ്പെടുത്തി കിരീടം നേടി.
അൽഫോൻസാ സ്കൂളിലെ ഹരി മാധവ്, ഹന്ന റോസ്, ക്രിസ്റ്റീന ജോസഫ്, ദയാപുരം സ്കൂളിലെ മുസയിദ് ആദി ഖാദിർ എന്നിവർ വിവിധ വിഭാഗങ്ങളിലെ മികച്ച കളിക്കാർക്കുള്ള ട്രോഫികൾ കരസ്ഥമാക്കി. ബീ ലൈൻ സ്കൂളിലെ റിഷാൻ മുഹമ്മദ്, ഹയാ ഇസ്ബിൻ, അൽഫോൻസാ സ്കൂളിലെ മുഹമ്മദ് നഹാൻ ദയാപുരം സ്കൂളിലെ ഇസാ കദീജ എന്നിവർ മികച്ച ഗോൾകീപ്പർമാർക്കുള്ള സമ്മാനങ്ങൾ കരസ്ഥമാക്കി.
അൽഫോൻസാ സ്കൂളിലെ മുഹമ്മദ് ഇസാൻ, ഗൗരി എന്നിവർക്കാണ് മികച്ച ഭാവി വാഗ്ദാനങ്ങൾക്കുള്ള ട്രോഫികൾ ലഭിച്ചത്. വിജയികൾക്കുള്ള ട്രോഫികൾ താമരശേരി രൂപത ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ വിതരണം ചെയ്തു. മലബാർ സഹോദയ പ്രസിഡന്റ് മോനി യോഹന്നാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.മലബാർ സഹോദയയാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്.