ജെന്‍ സി പ്രക്ഷോഭം: കോഴിക്കോട് നിന്നുള്ള സംഘത്തിന്റെ മടക്കയാത്ര അനിശ്ചിതത്വത്തില്‍
1590816
Thursday, September 11, 2025 7:31 AM IST
മുക്കം: ജെന്‍ സി പ്രക്ഷോഭം കാരണം നേപ്പാളില്‍ കുടുങ്ങിയ കോഴിക്കോടു നിന്നുള്ള നാല്പതംഗ മലയാളി വിനോദയാത്രാ സംഘം സുരക്ഷിതരെങ്കിലും മടക്കയാത്ര അനിശ്ചിതത്വത്തില്‍. രാജ്യം സൈന്യത്തിന്റെ വറുതിയിലായതോടെ കലാപത്തിന്റെ ആളിക്കത്തല്‍ പുറത്തെല്ലാം അടങ്ങിയിട്ടുണ്ട്. പട്ടാളത്തിന്റെ വാഹനങ്ങള്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുകയാണെന്നു യാത്രാസംഘാംഗമായ ബക്കര്‍ കളര്‍ ബലൂണ്‍ പറഞ്ഞു.
നാല്പതംഗ മലയാളി യാത്രാ സംഘം ഹോട്ടല്‍ മുറിയില്‍ സുരക്ഷിതരായി കഴിഞ്ഞുകൂടുകയാണ്. ഭക്ഷണത്തിനും മറ്റും പ്രയാസമില്ല.
അതേ സമയം റോഡുകള്‍ വിജനമാണ്. വീടുകളില്‍നിന്ന് ആരും മുറ്റത്തേക്കുപോലും ഇറങ്ങുന്നതായി കാണുന്നില്ല. മടക്കയാത്രയെക്കുറിച്ചാണിപ്പോള് ആശങ്ക. അടച്ചിട്ട വിമാനത്താവളങ്ങള്‍ എപ്പോഴാണ് തുറക്കുകയെന്നറിയില്ലെന്നും ബക്കര്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ കാരശേരി പെന്‍ഷനേഴ്സ് ടൂര്‍ പ്രകാരം ഞായറാഴ്ച നാട്ടില്‍നിന്ന് പുറപ്പെട്ട സംഘമാണ് നേപ്പാളില്‍ കുടുങ്ങിയത്. മുക്കം, കൊടിയത്തൂര്‍, കാരശേരി, കൊടുവള്ളി അരീക്കോട് പ്രദേശവാസികളായ നാല്പത് പേരാണ് ഈ സംഘത്തിലുള്ളത്. അധികവും പെന്‍ഷന്‍കാരായ ഭാര്യാ -ഭര്ത്താക്കന്മാരാണ്. തിങ്കളാഴ്ച രാവിലെ എട്ടുമണിക്കാണ് ഇവര്‍ കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങിയത്. ചൊവ്വാഴ്ച രാവിലെ കാഠ്മണ്ഡുവിലേക്കുള്ള യാത്രക്കിടെയാണ് ഇവര്‍ കുടുങ്ങിയത്.