എംഎൽഎയുടെ ഭാര്യയ്ക്ക് ഇരട്ട വോട്ട്: ആരോപണ പ്രത്യാരോപണങ്ങൾ നിർബാധം തുടർന്ന് പാർട്ടികൾ
1590825
Thursday, September 11, 2025 7:31 AM IST
മുക്കം: തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫിന്റെ ഭാര്യക്ക് ഇരട്ട വോട്ട്. മുക്കം നഗരസഭയിലെ 17-ാം വാർഡ് കച്ചേരിയിലും കൂടരഞ്ഞി പഞ്ചായത്തിലെ ഒന്പതാം വാർഡ് ആനയോടുമാണ് കെ. അനുഷക്ക് വോട്ടർ പട്ടികയിൽ പേരുള്ളത്. മുക്കം നഗരസഭയിലെ കച്ചേരി വാർഡിലെ വോട്ടർ പട്ടികയിലെ ക്രമ നമ്പർ 1002 ഉം, കൂടരഞ്ഞി പഞ്ചായത്തിലെ ആനയോട് വാർഡിലെ ക്രമനമ്പർ 881മായാണ് വോട്ട്.
ഇതോടെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടാരോപിച്ച് യൂത്ത് കോൺഗ്രസ് ഉൾപ്പെടെ രംഗത്തെത്തി. തിരുവമ്പാടി മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടന്നതായി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് ദിഷാൽ പറഞ്ഞു. ഇത് സ്വാഭാവികമായി വന്നതാണന്ന് പറഞ്ഞ് ഒഴിയാൻ സാധിക്കില്ലെന്നും രണ്ട് വോട്ടുകളുമുള്ളത് പുതുതായി ചേർക്കപ്പെട്ട ലിസ്റ്റിലാണെന്നും ദിഷാൽ പറഞ്ഞു.
സംഭവത്തിൽ എംഎൽഎ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും ഇത് അനുവദിക്കില്ലന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. അതേ സമയം സംഭവത്തിൽ ചെറിയ ശ്രദ്ധക്കുറവുണ്ടായതായി ലിന്റോ ജോസഫ് എംഎൽഎ പറഞ്ഞു. ജനപ്രതിനിധികൾ കാണിക്കേണ്ട ജാഗ്രത കാണിച്ചില്ലെന്നും തിരുത്താനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
എന്നാൽ എംഎൽഎയുടെ ഈ വാദവും യൂത്ത് കോൺഗ്രസ് ഖണ്ഡിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചേർക്കൽ പ്രക്രിയ ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ എംഎൽഎയുടെ ഭാര്യയുടെ വോട്ട് കച്ചേരി വാർഡിൽ അല്ലായിരുന്നുവെന്നും മുക്കം നഗരസഭയിലെ വാർഡ് 18-കണക്കുപറമ്പിൽ ക്രമ നമ്പർ 457 ആയാണ് കെ. അനുഷയുടെ വോട്ട് ഉണ്ടായിരുന്നതെന്നും ഇവർ പറയുന്നു.
ആ വാർഡിലെ സിപിഎം പ്രവർത്തകർ മുക്കം നഗരസഭയിലെ വാർഡ് -17 കച്ചേരിയിലേക്ക് ആ വോട്ട് മാറ്റാൻ ശ്രമിച്ചപ്പോൾ കോൺഗ്രസ് പ്രതിനിധികൾ എതിർപ്പ് പ്രകടിപ്പിക്കുകയും ആ വോട്ട് കൂടരഞ്ഞിയിലേക്കാണ് മാറേണ്ടതെന്ന് പറയുകയും ഇതിന്റെ അടിസ്ഥാനത്തിൽ അത് ഉദ്യോഗസ്ഥർ മാറ്റി വച്ചിരുന്നതായും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
പക്ഷേ പുതിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വാർഡ് 17 കച്ചേരിയിൽ ചേർക്കപെട്ടവരുടെ ലിസ്റ്റിൽ ക്രമ നമ്പർ 1002ലായി കെ. അനുഷയുടെ വോട്ട് വന്നു. ഏറ്റവും ഒടുവിൽ വന്ന ലിസ്റ്റിൽ മുക്കം നഗരസഭ ഭരിക്കുന്ന സിപിഎം സമ്മർദത്തിന് വഴങ്ങിയാണ് വാർഡ് 18ൽ നിന്ന് ഒഴിവാക്കിയ വോട്ട് വാർഡ് 17ലേക്ക് മാറിയതെന്നും അവർ പറഞ്ഞു.നിർബാധം തുടർന്ന് പാർട്ടികൾ