തീരദേശ മേഖലയിലെ ലഹരിനിര്‍മാര്‍ജനം ലക്ഷ്യമാക്കി കാമ്പയിന് തുടങ്ങി
1590510
Wednesday, September 10, 2025 5:41 AM IST
കോഴിക്കോട്: സംസ്ഥാന ഫിഷറീസ് വകുപ്പ് തീരോന്നതി പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന "ആന്റിഡ്രഗ് കാമ്പയിന് 2025'ന് ജില്ലയില്‍ തുടക്കമായി. മേയര്‍ ബീന ഫിലിപ്പ് കാമ്പയിന് ഉദ്ഘാടനം ചെയ്തു. ഫിഷറീസ്, എക്സൈസ്, പോലീസ്, തദ്ദേശ, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ തീരദേശ മേഖലയിലെ ലഹരി നിര്‍മാര്‍ജനം ലക്ഷ്യമിട്ടാണ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനാണ്.
മത്സ്യബോര്‍ഡ് നടപ്പിലാക്കുന്ന വിവിധ ക്ഷേമധന സഹായ പദ്ധതികളുടെ വിതരണവും മത്സ്യബന്ധന അനുബന്ധ തൊഴില്‍ രംഗത്ത് പ്രവര്‍ത്തിച്ച് വരുന്ന മുതിര്‍ന്ന വ്യക്തികളെയും കലാ- കായിക- സാംസ്കാരിക-സാഹിത്യ-വിദ്യഭ്യാസ രംഗത്തെ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെയും ചടങ്ങില്‍ ആദരിച്ചു.
ലഹരി ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ എന്ന വിഷയത്തില്‍ എക്സൈസ് വകുപ്പ് പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ട് ബോധവത്കരണ ക്ലാസ് നയിച്ചു. "അമേരിക്കന്‍ ഇറക്കുമതി തീരുവയും മത്സ്യ മേഖലയും' എന്ന വിഷയത്തില്‍ പ്രഫ. ഡോ. എം.കെ. സജീവന് പ്രഭാഷണം നടത്തി. തുടര്‍ന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പെട്ട കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി.
ചടങ്ങില്‍ മത്സ്യബോര്‍ഡ് ചെയര്മാന് കൂട്ടായി ബഷീര്‍ അധ്യക്ഷത വഹിച്ചു. മത്സ്യബോര്‍ഡ് സെക്രട്ടറി സജി എന്‍. രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എം.കെ. മഹേഷ്, ഉത്തരമേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ബി.കെ. സുധീര്‍ കിഷന്, റീജണല്‍ എക്സിക്യൂട്ടീവ് സി. ആദര്‍ശ്, മത്സ്യഫെഡ് സംസ്ഥാന ഭരണസമിതി അംഗം വി.കെ. മോഹന്‍ദാസ്,
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. അനീഷ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ ഇ. മനോജ്, കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ പി.സി. കവിത, വിവിധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.