കാണാതായ വിജിലിന്റേതെന്ന് കരുതുന്ന ഷൂ കണ്ടെത്തി
1590823
Thursday, September 11, 2025 7:31 AM IST
കോഴിക്കോട്: സരോവരത്തെ ചതുപ്പില്‍ സുഹൃത്തുക്കള്‍ കുഴിച്ചിടുമ്പോള്‍ എലത്തൂര്‍ സ്വദേശി കെ.ടി.വിജില്‍ ധരിച്ചതെന്ന് കരുതുന്ന ഷൂ കണ്ടെത്തി. ആറു വര്‍ഷം മുമ്പ് വിജിലിനെ കുഴിച്ചിടുമ്പോള്‍ ധരിച്ച ഷൂവാണ് കണ്ടെത്തിയത്.
രണ്ടു പ്രതികളും ഇത് വിജിലിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സരോവരം തണ്ണീര്‍ത്തടത്തില്‍ അന്വേഷണ സംഘം ചതുപ്പു നീക്കി തെരച്ചില്‍ നടത്തിയപ്പോഴാണ് ചെളിയില്‍ മൂടിയ നിലയില്‍ ഷൂ കിട്ടിയത്.
വുഡ്ലാന്‍ഡ് കമ്പനിയുടേതാണ് ലെതര്‍ ഷൂ. പന്തീരാങ്കാവ് സ്വദേശി മഠത്തില്‍ അബ്ദുൾ അസീസിനെയും സംഘത്തിനെയും ഉപയോഗിച്ച് പോലീസ് നടത്തിയ തെരച്ചിലിലാണ് ഷൂ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രണ്ടാംഘട്ട തെരച്ചിലിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഏഴടിയോളം താഴ്ചയുള്ള ചതുപ്പില്‍ നിന്ന് വെള്ളം പമ്പ് ചെയ്തു വറ്റിച്ചാണ് തെരച്ചില്‍ നടത്തുന്നത്. പ്രതികളായ വാഴാത്തിരുത്തി കുളങ്ങരക്കണ്ടി മീത്തല്‍ കെ.കെ നിഖില്‍, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ ദീപേഷ് എന്നിവരാണ് ഷൂ തിരിച്ചറിഞ്ഞത്.
അസി. കമ്മീഷണര്‍ ടി.കെ. അഷ്റഫിന്റെയും എലത്തൂര്‍ ഇന്‍സ്പെക്ടര്‍ കെ.ആര്. രഞ്ജിത്തിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. റവന്യൂ ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും പരിശോധനയുടെ ഭാഗമായി. മൃതദേഹം കണ്ടെത്താന്‍ മായ, മര്‍ഫി എന്നീ പോലീസ് നായ്ക്കളെയും പരിശോധനയ്ക്കായി കൊണ്ടുവന്നിരുന്നു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും.