റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനില്‍ പൈതൃക നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം
1590505
Wednesday, September 10, 2025 5:21 AM IST
കോഴിക്കോട്: റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനില്‍ രാജ്യത്തെ പൈതൃക നഗരങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കുന്നു. ഹംപി, മഹാബലേശ്വര്‍, ഷിര്‍ദ്ദി, അജന്ത, എല്ലോറ, ഹൈദരാബാദ് എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രത്യേക ട്രെയിന്‍ ഒക്ടോബര്‍ രണ്ടിന് പുറപ്പെടും. 11 ദിവസം നീളുന്ന യാത്രയ്ക്ക് ഇന്ത്യന്‍ റെയില്‍വേ 33 ശതമാനം സബ്സിഡി നല്‍കും. ഇതിന്റെ ബുക്കിംഗ് ആരംഭിച്ചു.
ഭാരത് ഗൗരവ് ട്രെയിനിനു കീഴിലുള്ള സൗത്ത് സ്റ്റാര്‍ റെയില്‍ രാജ്യത്തെ ആദ്യത്തെ സ്വകാര്യ മേഖലയിലെ സേവന ദാതാവായ ടൂര്‍ ടൈംസിന് കീഴിലാണ് യാത്ര സംഘടിപ്പിക്കുന്നത്. മധുരൈയില്‍നിന്ന് പുറപ്പെടുന്ന ട്രെയിനിന് കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കും. മലബാര്‍ മേഖലയില്‍ നിന്നുള്ള യാത്രക്കാരെ സംഘാടകര്‍ പാലക്കാട്ട് എത്തിക്കും.
ഓരോ കോച്ചിലും സെക്യൂരിറ്റി ജീവനക്കാര്‍, ടൂര്‍ മാനേജര്‍മാര്‍, യാത്രാ ഇന്‍ഷ്വറന്‍സ്, മികച്ച ഹോട്ടല്‍ സൗകര്യങ്ങള്‍, ദക്ഷിണേന്ത്യന്‍ ഭക്ഷണം തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഈ പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ സജ്ജികരിച്ചിരിക്കുന്നതെന്ന് സൗത്ത് സ്റ്റാര്‍ റെയില്‍ പ്രോഡക്ട് ഡയറക്ടര്‍ ജി. വിഘ്നേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബുക്ക് ചെയ്ത ടൂറിസ്റ്റുകള്‍ അല്ലാതെ മറ്റു യാത്രക്കാര്‍ ഈ ട്രെയിനില്‍ കയറില്ല. ലഗേജുകള്‍ ട്രെയിനില്‍ സൂക്ഷിക്കാന്‍ സൗകര്യമുണ്ട്. സ്ലീപ്പര്‍ ക്ലാസിന് 29800 രൂപയില്‍ ആരംഭിക്കുന്ന പാക്കേജില്‍ തേര്‍ഡ് എസിക്ക് 39100 രൂപയും സെക്കന്‍ഡ് എസിക്ക് 45,700 രൂപയും ഫസ്റ്റ് എസിക്ക് 50,400 രൂപയുമാണ് ചാര്‍ജ്. ബുക്കിംഗിനായി 7305 85 85 85 എന്ന നമ്പറില്‍ ബന്ധപ്പെടണം.