ജേക്കബ് കോച്ചേരി ഇന്ന് പടിയിറങ്ങുന്നു
1538282
Monday, March 31, 2025 5:30 AM IST
കൂരാച്ചുണ്ട്: അറിവ് കൈവരിക്കാനുള്ള ഇടം മാത്രമല്ല വിദ്യാലയമെന്നും അറിവിനെ തിരിച്ചറിവാക്കി ജീവിതത്തിന്റെ വൈവിധ്യമാർന്ന തലങ്ങളിൽ എങ്ങനെ ജീവിക്കണമെന്ന് വിദ്യാർഥികളെ പഠിപ്പിച്ച അധ്യാപകൻ ജേക്കബ് കോച്ചേരി ഇന്ന് പടിയിറങ്ങുന്നത് തികഞ്ഞ ചാരിതാർഥ്യത്തോടെ.
തന്റെ മുൻപിലുള്ള വിദ്യാർഥിയുടെ കഴിവിനെ തിരിച്ചറിഞ്ഞ് സ്വതന്ത്രമായും സർഗാത്മകമായും വിമർശനാത്മകമായി ചിന്തിച്ചു മുന്നേറാൻ കൈപിടിച്ചു നടത്തിയ അധ്യാപകനാണ് അദ്ദേഹം.
കൂരാച്ചുണ്ട് സ്വദേശിയായ ജേക്കബ് മാഷ് മരുതോങ്കര സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നാണ് പടിയിറങ്ങുന്നത്. 1996 തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂളിൽ അധ്യാപന ജീവിതം ആരംഭിച്ചു.
പിന്നീട് താമരശേരി കോർപറേറ്റിനു കീഴിൽ സ്കൂളുകളിൽ പ്രധാനാധ്യാപകനായും സേവനം അനുഷ്ഠിച്ചു. ഒരു എഴുത്തുകാരനായും അതോടൊപ്പം കുട്ടികൾക്കായുള്ള നാടക സംവിധാനം, നാടകക്കളരി, സംഗീത ശിൽപ്പം എന്നിവയിലും ഏറെ പ്രശംസ നേടിയിട്ടുണ്ട്. അധ്യാപികയായ നൈസിലാണ് ഭാര്യ. എയ്ഞ്ചൽ, ജിയോ, ജോയൽ, ആൻഡ്രിയ എന്നിവരാണ് മക്കൾ.