തോട്ടുമുക്കം ആരോഗ്യ സബ്സെന്റർ നിർമാണ പ്രവൃത്തിക്ക് തുടക്കം
1537853
Sunday, March 30, 2025 5:20 AM IST
മുക്കം: കോഴിക്കോട് ,മലപ്പുറം ജില്ലകളുടെ കിഴക്കൻ മലയോര മേഖലയിലെ നിരവധി പേർക്ക് ആശ്വാസമായി തോട്ടുമുക്കത്ത് ആരോഗ്യ സബ് സെന്റർ യാഥാർത്ഥ്യമാവുന്നു.
കൊടിയത്തൂർ പഞ്ചായത്തിലെ 5, 6, 7 വാർഡുകളിലേയും കാരശേരി പഞ്ചായത്തിലെ നിരവധി ജനങ്ങൾക്കും മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി, കിഴുപറമ്പ് പഞ്ചായത്തുകളിലെ അഞ്ചോളം വാര്‍ഡുകളിലേയും 18,000 ത്തോളം ആളുകൾക്ക്ആശ്രയമാവുന്നതാണ് ഈ സബ് സെന്റർ. ഒമ്പതോളം ക്രഷര്‍ ക്വാറി യൂണിറ്റുകളും വനമേഖലയിൽ കാട്ടുപന്നി, കാട്ടാന, പുലി എന്നിവയുടെ സാന്നിധ്യവും സ്ഥിരീകരിച്ച പ്രദേശമാണങ്കിലും എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ട അവസ്ഥയാണ്.നിരവധി പട്ടികജാതി- പട്ടികവർഗ കുടുംബങ്ങളും ഈ പ്രദേശത്തുണ്ട്.
ഇവർക്കെല്ലാം ആശ്വാസമാണ് പുതിയതായി നിർമ്മിക്കുന്ന ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ.പഞ്ചായത്ത് ഭരണസമിതിയുടെ നിരന്തര ശ്രമഫലമായി നാഷണൽ ഹെൽത്ത് മിഷനിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ചിലവഴിച്ചാണ് സബ്സെന്റർ നിർമ്മിക്കുന്നത്. 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചുറ്റുമതിൽ നിർമ്മാണമുൾപ്പെടെ ഗ്രാമ പഞ്ചായത്ത് പൂർത്തിയാക്കിയിട്ടുണ്ട്.
ആരോഗ്യ സബ് സെന്റ്ററിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു.4 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് പ്രസിഡന്റ് പറഞ്ഞു. നിലവിലെ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാവുന്ന മുറയ്ക്ക് ഒന്നാം നിലയിൽ ഒരു കോൺഫറൻസ് ഹാളും, പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഓഫീസും ഒരുക്കാൻ പദ്ധതിയുണ്ട്. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.