കാറിനുള്ളില്‍ പടക്കം പൊട്ടിത്തെറിച്ച സംഭവം; യുവാക്കള്‍ക്കെതിരേ കഠിനവകുപ്പുകള്‍ ചുമത്തി
1538649
Tuesday, April 1, 2025 7:13 AM IST
നാദാപുരം: കാറിനുള്ളില്‍ പടക്കം പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തു. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന കല്ലാച്ചി ഈയ്യങ്കോട് സ്വദേശികളും സഹോദരങ്ങളുമായ പൂവുള്ളതില്‍ ഷഹറാസ് (33), പൂവുള്ളതില്‍ റയീസ് (26) എന്നിവര്‍ക്കതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്.
പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം ഉണ്ടാകുമെന്ന അറിവോടെ കെഎല്‍ 18 വൈ 3738 നമ്പര്‍ കാറില്‍ സ്ഫോടക വസ്തുക്കള്‍ കൊണ്ട് വന്ന് കാറിനകത്ത് വച്ച് പൊട്ടിച്ചു എന്നാണ് വാക്കള്ക്കെതിരെയുള്ള കേസ്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് നാദാപുരം പോലീസ് കേസെടുത്തത്.
ഗുരുതരമായി പരിക്കേറ്റ ഷഹറാസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സക്കുശേഷം കോയമ്പത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റയീസിന്റെ ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തലശേരി ഭാഗത്തു നിന്നാണ് യുവാക്കള്‍ പടക്കങ്ങള്‍ വാങ്ങിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സ്ഫോടനത്തില്‍ കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. കാറിന്റെ പിന് സീറ്റിലാണ് പടക്കം പൊട്ടിയത്. പോലീസ് കസ്റ്റഡിയിലെടുത്ത കാറില്‍ പയ്യോളി, നാദാപുരം ബോംബ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍, റൂറല്‍ സയന്റിഫിക് ഓഫീസര്‍ ജി. ജിഷ്ണു എന്നിവര്‍ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.അതിനിടെ കാറില്‍ പടക്കം പൊട്ടിയ സംഭവത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് പോലീസ് വ്യക്തമാക്കി.
സ്ഫോടനം നടന്ന ഉടന്‍ പോലീസ് സ്ഥലത്തെത്തിയിരുന്നെങ്കിലും കാര്‍ കണ്ടെത്താനായില്ല. കൂടുതല്‍ അന്വേഷണം നടത്തിയാണ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ മുറ്റത്ത് ഒളിപ്പിച്ച കാര്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. വലിയ തോതില്‍ പടക്കം കാറിലുണ്ടായിരുന്നതായാണ് പോലീസിനു ലഭിച്ച സൂചന. പക്ഷേ, പടക്കങ്ങള്‍ കാറില്‍നിന്ന് മാറ്റിയിരുന്നു. സ്ഫോടനത്തില്‍ ഒരാളുടെ കൈക്ക് സാരമായി പരുക്ക് പറ്റിയെങ്കിലും രക്തവും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്ത നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ മാഹി ഭാഗത്തുനിന്നാണ് പടക്കം വാങ്ങിയതെന്നാണ് പോലീസിന്റെ അനുമാനം. കൂടുതല്‍ തെളിവെടുപ്പിനായി പ്രദേശവാസികളെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് മൊഴി എടുക്കുന്നുണ്ട്.