വണ്ടിച്ചെക്ക്; പ്രവാസിക്ക് ഇരട്ടിതുക നല്കാന് കോടതി വിധി
1538642
Tuesday, April 1, 2025 7:13 AM IST
നാദാപുരം: പ്രവാസിയെ വണ്ടിചെക്ക് നല്കി കബളിപ്പിച്ച കേസിലെ പ്രതി ഇരട്ടി തുക നല്‍കണമെന്ന് കോടതി ഉത്തരവ്. അബുദാബിയിലെ വ്യാപാരിയും വാണിമേല്‍ ക്രസന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പിടിഎ പ്രസിഡന്റുമായ കുയ്തേരിയിലെ കൊയിലോത്താന്‍ കണ്ടി മജീദിന്റെ പരാതിയില്‍ വരിക്കോളി ഒമ്പതു കണ്ടം സ്വദേശിനി പറമ്പത്ത് സുശീലയ്ക്ക് എതിരെയാണ് വിധി. മജീദിന് 12 ലക്ഷം രൂപയുടെ വണ്ടിചെക്കാണ് സുശീല നല്‍കിയത്. 24 ലക്ഷം രൂപ നല്‍കണമെന്നാണ് കോടതി ഉത്തരവ്.
കുറ്റ്യാടിയില്‍ അലങ്കാര മത്സ്യവും ചെടികളും വില്പന നടത്തുന്ന കട നടത്തിയിരുന്ന സുശീല വ്യാപാരം കൂടുതല്‍ അഭിവൃദ്ധിപ്പെടുത്താന്‍ എന്നു പറഞ്ഞു മജീദില്‍നിന്ന് പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. തുടര്‍ന്ന് അഡ്വ. വി.കെ.അബ്ദുല്‍ ലത്തീഫ് മുഖേന മജീദ് കോടതിയെ സമീപിക്കുകയായിരുന്നു. മജിസ്ട്രേറ്റ് യദു കൃഷ്ണനാണ് വിധി പുറപ്പെടുവിച്ചത്. തുക നല്‍കിയില്ലെങ്കില്‍ ആറു മാസം കഠിനതടവ് അനുഭവിക്കണം.