ലഹരിവിരുദ്ധ പ്രതിജ്ഞയുമായി ഈദ്ഗാഹുകള്‍
1538635
Tuesday, April 1, 2025 7:13 AM IST
തിരുവമ്പാടി: ചെറിയപെരുന്നാള്‍ ദിനത്തില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണം സംഘടിപ്പിച്ചു. തിരുവമ്പാടി എം.സി ഓഡിറ്റോറിയം അങ്കണത്തില്‍ നടന്ന സംയുക്ത ഈദ് ഗാഹില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ഈദ്ഗാഹ് കമ്മിറ്റി ചെയര്മാന് വി.സി. മൊയ്തീന് കോയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പെരുന്നാള്‍ നമസ്ക്കാരത്തിന് റഫീക്ക് കൊടിയത്തൂര്‍ നേതൃത്വം നല്കി. ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് സംഘടനകളും ചേര്‍ന്നാണ് ഈദ് ഗാഹ് സംഘടിപ്പിച്ചത്.
കൊയിലാണ്ടി: ഇര്‍ശാദുല്‍ മുസ്ലിമീന് സംഘവും ഇസ്ലാഹി ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. മിസ്ബാഹ് ഫാറൂഖി നമസ്കാരത്തിന് നേതൃത്വം നല്കി.
മൂടാടി സലഫീ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഈദ്ഗാഹിനൊപ്പം ലഹരി വിരുദ്ധപ്രതിജ്ഞയും നടത്തി. അബ്ദുല്ലത്തീഫ് ബാഖവി നമസ്ക്കാരത്തിനും ഈദ്പ്രാര്ത്ഥനകള്ക്കും നേതൃത്വം നല്കി.
കൂരാച്ചുണ്ട്: മദ്യ- മയക്കുമരുന്ന് വിപത്തിനെതിരെ ചെറിയ പെരുന്നാള്‍ ദിനത്തില്‍ പ്രതിജ്ഞയെടുത്ത് കൂരാച്ചുണ്ട് പഞ്ചായത്തിലെ ഈദ് ഗാഹുകള്‍. പെരുന്നാള്‍ നിസ്കാരത്തിന് മുമ്പ് പള്ളികളില്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ നല്‍കുകയും നിസ്കാരശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. കക്കയം മുര്‍ശിദുല്‍ അനാം മഹല്ല് കമ്മിറ്റി നേതൃത്വത്തില്‍ കക്കയം അങ്ങാടിയില്‍ നടത്തിയ ലഹരി വിരുദ്ധ മനുഷ്യ ചങ്ങലയ്ക്ക് മഹല്ല് പ്രസിഡന്റ് പി.ടി.ഹംസ, സെക്രട്ടറി കെ.വൈ.ഹനീഫ, മഹല്ല് ഖത്വീബ് സുഹൈല്‍ ഫൈസി എടയാറ്റൂര്‍ എന്നിവര്‍ നേതൃത്വം നല്കി. അത്യോടി മുഹിയുദ്ദീന് ജുമാ മസ്ജിദില്‍ ഹംസ സഖാഫി, ടൗണ്‍ ജുമാ മസ്ജിദില്‍ യൂസഫ് മുസ്ല്യാര്‍, കാളങ്ങാലി ജുമാ മസ്ജിദില്‍ ഷാഫി സഖാഫി, കണ്ണാടിപ്പാറ ജുമാ മസ്ജിദില്‍ ഹൈദര്‍ സഖാഫി, വട്ടച്ചിറ അറഫ മസ്ജിദില്‍ മുസ്തഫ ഹൈതമി, പൂവത്തുംചോല ജുമാ മസ്ജിദില്‍ ജമാലുദീന് സഖാഫി എന്നിവര്‍ നിസ്കാരത്തിനും, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കി.
പേരാമ്പ്ര: ചെറിയ പെരുന്നാള്‍ ദിനത്തില്‍ പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം കൈമാറി ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
കാരുണ്യ മുസ്ലിം റിലീഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മഹല്ല് നിവാസികള്‍, സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര കമ്മറ്റി, തേലക്കര ശിവക്ഷേത്ര കമ്മറ്റി, പേരാമ്പ്ര പ്രസ് ക്ലബ്, കരാട്ടെ ടീം, ജനകീയ വായനശാല, ക്യാപ്റ്റന്‍ ലക്ഷ്മി ട്രസ്റ്റ്, പ്രിയദര്‍ശിനി ട്രസ്റ്റ്, വ്യാപാരികള്‍, ഓട്ടോ കോ ഓര്‍ഡിനേഷന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ കൂട്ടായ്മയില്‍ പങ്കു ചേര്‍ന്നു. പെരുന്നാള്‍ നിസ്കാരത്തിന് ശേഷം നടന്ന ചടങ്ങ് എക്സൈസ് അസി. കമ്മീഷണര്‍ ആര്.എന്‍ ബൈജു ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രസിഡന്റ് എം.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു.
മഹല്ല് പ്രസിഡന്റ് പി. ഇമ്പിച്ചി മമ്മു, മഹല്ല് ഖത്തിബ് മുബശിര്‍ വാഫി, കാരണ്യ ജനറല്‍ സെക്രട്ടറി വി.എം. അഷറഫ്, മഹല്ല് ജനറല്‍ സെക്രട്ടറി കെ.ടി. അസന്‍, പി.എം. ഷരീഫ്. എടവന സുരേന്ദ്രന്, ഇ.ടി. ഹമീദ്, എന്‍. ഹരിദാസ്, പി.കെ. അസ്ബീര്‍, എന്‍.പി. വിധു എന്നിവര്‍ പ്രസംഗിച്ചു.