ധർണ നടത്തി
1537863
Sunday, March 30, 2025 5:26 AM IST
ചക്കിട്ടപാറ: വന മേഖലകളുടെ സമീപ പ്രദേശത്ത് താമസിക്കുന്ന കർഷകർ നേരിടുന്നത് അത്യന്തം ഭയാനകമായ അവസ്ഥയാണെന്നും അവരോട് സർക്കാർ കാണിക്കുന്നത് കാട്ടുനീതിയാണെന്നും കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷൻ എസ്. പി. കുഞ്ഞമ്മദ് അഭിപ്രായപ്പെട്ടു.
വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും സർക്കാരിന്റെ വികലമായ നയങ്ങൾക്കെതിരേയും ചക്കിട്ടപാറ പഞ്ചായത്ത് മുസ്ലിം ലീഗ് നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവികൾക്ക് ലഭിക്കുന്ന സംരക്ഷണം പോലും മനുഷ്യർക്ക് ലഭിക്കുന്നില്ല. വന്യ മൃഗങ്ങളുടെ ആക്രമണങ്ങൾ നാൾക്ക് നാൾ കൂടി വരികയാണ്. ഇത്തരം സാഹചര്യങ്ങളെ സംബന്ധിച്ച് പഠനം നടത്താൻ പോലും സർക്കാർ തയാറാവുന്നില്ല.
പേരാമ്പ്ര മലയോര മേഖലയിലെ കർഷകർ ഇതു പോലെ ദുരിതമനുഭവിച്ച ഒരു കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പെരിഞ്ചേരി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. മഹാരാഷ്ട്ര മുസ്ലിംലീഗ് ട്രഷറർ സി.എച്ച്. ഇബ്രാഹിം കുട്ടി മുഖ്യപ്രഭാഷണം നടത്തി. ആലിക്കോയ, ഹസൻ കുട്ടി, നൗഷാദ്, എം. അഷ്റഫ്, വി.കെ. യൂസഫ്, കുന്നത്ത് മൊയ്തീൻ, പി.എം. അബ്ദുറഹ്മാൻ, കുഞ്ഞു മൊയ്തീൻ, വി. യൂസഫ് എന്നിവർ പ്രസംഗിച്ചു.