ലഹരിക്കെതിരെ പടപൊരുതാം; ഫയർ ആൽബം വൈറൽ
1538283
Monday, March 31, 2025 5:31 AM IST
മുക്കം: പുതുതലമുറയെ കാർന്നുതിന്നുന്ന ലഹരിക്കെതിരായ ബോധവത്കരണവുമായി അഗ്നി രക്ഷാ സേന പുറത്തിറക്കിയ ആൽബം സമൂഹ മാധ്യമങ്ങളിൽ വൈറൽ. ലഹരി വിരുദ്ധ ബോധവത്കരണത്തിനായി അഗ്നിരക്ഷാ സേന നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് കേരള ഫയർ സർവീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡയൽ 101 വീഡിയോ ആൽബം നിർമിച്ചിരിക്കുന്നത്.
മാപ്പിളപ്പാട്ടിന്റെ ഈണത്തിൽ "പട പൊരുതാം പടിപടിയായി' എന്ന് തുടങ്ങുന്ന ഗാനം രചിച്ചതും ആലപിച്ചതും മുക്കം അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരനായ വൈ.പി. ഷറഫുദ്ദീനാണ്. ഫയർ ഓഫീസർ മുക്കം നെല്ലിക്കാപ്പൊയിൽ സ്വദേശി കെ.ടി. ജയേഷാണ് ആൽബത്തിന്റെ സംവിധായകൻ. മണാശേരി അലൻ സ്റ്റുഡിയോയിലെ സവിജേഷ് വീഡിയോ ഗ്രാഫിയും എഡിറ്റിങ്ങും നിർവഹിച്ചു.
മുക്കം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ ജീവനക്കാരാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. മുക്കം ടൗണിലും പരിസര പ്രദേശങ്ങളിലുമായാണ് ആൽബം ചിത്രീകരിച്ചത്.
സംസ്ഥാന അഗ്നി രക്ഷാ സേന മേധാവി കെ. പത്മകുമാറിന്റെ സന്ദേശത്തോടെ ആരംഭിക്കുന്ന വീഡിയോ ആൽബം ഫയർ സർവീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷജിൽ കുമാറാണ് പ്രകാശിപ്പിച്ചത്.