മണിമലയിലെ കിണറുകള്‍ മലിനം: പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക്
1538640
Tuesday, April 1, 2025 7:13 AM IST
കുറ്റ്യാടി: വേളംപഞ്ചായത്തിലെ മണിമലയിലെ വീടുകളിലെ കിണറുകള്‍ മലിനം. വേളം മണിമലയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ പാര്‍ക്കായ ആക്ടീവ് പ്ലാനറ്റിന്റെ താഴ്ഭാഗത്തെ വീടുകളിലെ കിണറുകളിലെ വെള്ളമാണ് കുടിക്കാന്‍ പറ്റാതായത്.
മാസങ്ങള്‍ക്കുമുന്‍പ് പാര്‍ക്കിന്റെ താഴ്ഭാഗത്തെ അഞ്ചുവീടുകളിലായി കുട്ടികളടക്കം എട്ടുപേര്‍ക്ക് മഞ്ഞപ്പിത്തബാധ ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ 11 വീടുകളിലെ കിണര്‍വെള്ളം പരിശോധിച്ചപ്പോള്‍ പത്തുകിണറുകളിലെ വെള്ളത്തിലും കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കൂടിയ അളവില്‍ കണ്ടെത്തിയിരുന്നു.
ഇതേതുടര്‍ന്ന് മാസങ്ങളായി കിണര്‍വെള്ളം ഉപയോഗിക്കുന്നത് നിര്‍ത്തിവച്ചിരുന്നു. വെള്ളം ഉപയോഗിക്കാന്‍ സാധിക്കാതെ വന്നതിനാല്‍ ആക്ടീവ് പ്ലാനറ്റ് അധികൃതര്‍ എത്തിച്ചുനല്‍കിയ വെള്ളമായിരുന്നു വീട്ടുകാര്‍ ഉപയോഗിച്ചിരുന്നത്. മലിനമായ കിണറുകളെല്ലാംതന്നെ പാര്‍ക്ക് അധികൃതര്‍ വൃത്തിയാക്കുകയും ക്ലോറിനേഷന് നടത്തുകയും ചെയ്തിരുന്നു.
ദിവസങ്ങള്‍ക്കുശേഷം പാര്‍ക്ക് അധികൃതര്‍ കിണറുകളിലെ വെള്ളം വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ വെള്ളത്തില്‍ ബാക്ടീരിയകളുടെ സാന്നിധ്യം ഇല്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. അന്നുതന്നെ കുടിവെള്ള വിതരണം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. പരി ശോധനാഫലത്തില് അപാകതയുണ്ടെന്ന സംശയത്താല്‍ നാട്ടുകാര്‍ സ്വന്തം ചെലവില്‍ ഏഴുകിണറുകളിലെ വെള്ളം ഫുഡ് ആന്‍ഡ് സേഫ്റ്റി ഡിപാര്‍ട്ട്മെന്റിന്റെ കോഴിക്കോട്ടുള്ള റീജണല്‍ ലാബില്‍ പരിശോധന നടത്തിയപ്പോള്‍ അതില്‍ നാല് കിണറുകളിലെ വെള്ളത്തില്‍ ഇ കോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കൂടിയ അളവില്‍ ഉണ്ടെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്.
മാലിന്യപ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് സിപിഎം വേളം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. മാലിന്യനിര്‍മാര്‍ജനത്തിനുള്ള ശാസ്ത്രീയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് മാനേജ്മെന്റ് അടിയന്തര നടപടി സ്വീക രിക്കണമെന്നും അല്ലാത്തപക്ഷം ബഹുജനപ്രക്ഷോഭത്തിന് സിപിഎം നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.