രാപ്പകൽ ധർണ സമരം വൻ വിജയമാക്കും: യുഡിഎഫ്
1537860
Sunday, March 30, 2025 5:26 AM IST
കൂത്താളി: ഏപ്രിൽ 4,5 തിയതികളിൽ യുഡിഎഫ് കൂത്താളി പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന രാപ്പകൽ സമരം സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ പൊതു ജനങ്ങൾക്കിടയിൽ തുറന്നു കാട്ടുന്നതിനോടൊപ്പം എൽഡിഎഫ് ഭരണത്തിൽ പഞ്ചായത്തിന്റെ വികസനമുരടിപ്പും ചർച്ചയാകുമെന്ന് കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട് പറഞ്ഞു. യുഡിഎഫ് കൂത്താളി മണ്ഡലം നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു. രാപ്പകൽ സമരം നാലാം തിയതി വൈകുന്നേരം അഞ്ചിന് ആരംഭിച്ച് അഞ്ചാം തിയതി രാവിലെ എട്ടിന് അവസാനിക്കും. യുഡിഎഫിലെ പ്രമുഖ നേതാക്കൾ സമരത്തിൽ പങ്കെടുക്കും.
മണ്ഡലം യുഡിഎഫ് ചെയർമാൻ രാജൻ കെ. പുതിയെടുത്ത് അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി മെമ്പർ രാജീവ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുള്ള ബൈത്തുൽബർക്ക, പി.ടി. അഷ്റഫ്, സി.കെ. ബാലൻ, ഇ.ടി. സത്യൻ, ചന്ദ്രൻ നാളൂർ, കെ.ടി. കുഞ്ഞമ്മത്, പി.സി. ഉബൈദ്, ഇ.അമ്മത് ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.