സംസ്ഥാനപാതയില്‍ ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ചു
1538650
Tuesday, April 1, 2025 7:13 AM IST
നാദാപുരം: മുട്ടുങ്ങല്‍ പക്രംതളം സംസ്ഥാന പാതയില്‍ കല്ലാച്ചിയിലും വളയം പോലിസ് സ്റ്റേഷനിലെ വാണിമേല്‍ കുളപ്പറമ്പിലും വാഹനങ്ങള്‍ തടഞ്ഞ് യുവാക്കളുടെ പടക്കം പൊട്ടിക്കല്‍. മണിക്കൂറുകള്‍ ഗതാഗതം സ്തംഭിച്ചു. വളയത്തും നാദാപുരത്തും 65 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം.
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നിരവധി പേരാണ് നാദാപുരം, കല്ലാച്ചി ടൗണില്‍ എത്തിയത്. ഇതിനിടയിലാണ് ഒരു കൂട്ടം യുവാക്കള്‍ നടുറോഡ് കൈയ്യേറി പടക്കം പൊട്ടിച്ചത്. മാരക പ്രഹരശേഷിയുള്ള ഗുണ്ട് ഉള്‍പ്പെടെയാണ് റോഡില്‍ ഇട്ട് പൊട്ടിച്ചത്. ഇതോടെ ടൗണിലെത്തിയ നിരവധി കുടുംബങ്ങള്‍ വലഞ്ഞു.
കിലോമീറ്ററുകള്‍ ദൂരത്തില്‍ ഗതാഗതം സ്തംഭിച്ചു. പലരും കടകളിലും മറ്റും ഷോപ്പിംഗിന് എത്തിയ സമയത്താണ് റോഡില്‍ പടക്കം പൊട്ടിച്ചത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാതെ ടൗണിലെത്തിയവര്‍ വലഞ്ഞു. കൈക്കുഞ്ഞുങ്ങളുമായി വാഹനങ്ങളില്‍ എത്തിയവര്‍ പുറത്തിറങ്ങാന്‍ കഴിയാതായതോടെ ഏറെ ബുദ്ധിമുട്ടി.
സംഭവം നാദാപുരം പോലീസില്‍ അറിയിച്ചങ്കിലും പോലിസ് ഇടപെടല്‍ ഉണ്ടായില്ല. വാണിമേല്‍ കുളപ്പറമ്പില്‍ ഗതാഗതം തടസപ്പെടുത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ വളയം പോലീസ് രാത്രിയില്‍ തന്നെ സ്വമേധയാ കേസ് എടുത്തു. തിങ്കളാഴ്ച്ച ഉച്ചയോടെ നാദാപുരത്ത് കല്ലാച്ചിയില്‍ റോഡ് കയ്യേറി പടക്കം പൊട്ടിച്ചതിന് 15 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.