സാഹിത്യനഗരത്തിനു നാണക്കേടായി തെരുവുനായ ശല്യം
1538277
Monday, March 31, 2025 5:30 AM IST
കോഴിക്കോട്: യുനെസ്കോയുടെ ലോക സാഹിത്യ നഗരപദവി നേടിയ കോഴിക്കോടിന്റെ യശസു കൊടുത്തുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് തെരുവുനായ ശല്യം. കേരളത്തില്‍ തന്നെ തെരുവുനായ ശല്യം രൂക്ഷമായ ജില്ലകളിലൊന്നാണ് കോഴിക്കോട്. കടപ്പുറം, റെയില്‍വേ സ്റ്റേഷന് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയടക്കം നാലാളു കൂടുന്നിടത്തും ഗ്രാമങ്ങളിലെ ഇടവഴികളില്‍പോലും തെരുവുനായകള്‍ വിലസുകയാണ്.
നാട്ടുകാരുടെ മുറവിളി അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നതിനിടെ കോഴിക്കോട്ടെ തെരുവുനായ ശല്യത്തിന്റെ രൂക്ഷത ജര്‍മനിയിലും അങ്ങാടിപ്പാട്ടായി. ദൈവത്തിന്റെ സ്വന്തം നാട് കാണാന്‍ ജര്‍മനിയില്‍ നിന്നെത്തിയ വനിതാ വിനോദസഞ്ചാരിയെ കഴിഞ്ഞവര്‍ഷം നവംബര്‍ 11ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് തെരുവുനായ കടിച്ചതോടെയാണ് വിദേശികള്‍ക്കും തെരുവുനായകള്‍ ഭീതി സ്വപ്നമായത്.
സംഭവത്തെ തുടര്‍ന്ന് തെരുവുനായ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ ഹെല്‍ത്ത് ഓഫീസര്‍ കോഴിക്കോട് കോര്പറേഷന് കത്തു നല്‍കിയെങ്കിലും പ്രശ്നപരിഹാരമായിട്ടില്ല. തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള എബിസി സംവിധാനം ഫലപ്രദമായി നടപ്പാക്കുന്ന കോര്‍പറേഷനാണ് കോഴിക്കോടെന്ന് അധികൃതര്‍ പറയുമ്പോഴും നാടെങ്ങുനിന്നും കേള്‍ക്കുന്നത് തെരുവുനായ്ക്കളുടെ അതിക്രമങ്ങളാണ്.
കോഴിക്കോട് പയ്യാനക്കലില്‍ പശുക്കിടാവിനെ തെരുവുനായ്ക്കള്‍ കൊന്നത് ഈ മാസം അഞ്ചിനാണ്. രണ്ടു പശുക്കളെ തെരുവുനായ്ക്കള്‍ കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. കാരശേരി കളറക്കണ്ടിയില് 250ഓളം കോഴികളെ തെരുവുനായ്ക്കള്‍ കൊന്നൊടുക്കിയത് അടുത്തിടെയാണ്. ഇതുപോലുള്ള നൂറായിരം ദുരനുഭവങ്ങളാണ് ആളുകള്‍ക്ക് പങ്കുവയ്ക്കാനുള്ളത്.
സ്വസ്ഥമായൊന്നു കാറ്റുകൊണ്ടിരിക്കാന്‍ കോഴിക്കോട് ബീച്ചില്‍ പോയാല്‍ അവിടെയും അലഞ്ഞുതിരിയുന്നത് അസംഖ്യം തെരുവുനായകളാണ്. തെരുവുനായകള്‍ തമ്മില്‍ കടിപിടി കൂടി ആളുകള്‍ക്കു നേരെ കുരച്ചു ചാടും. റെയില്‍വേ സ്റ്റേഷനിലും സ്ഥിതി വ്യത്യസ്തമല്ല. ഇരിപ്പിടങ്ങളിലും നടപ്പാതകളിലുമെല്ലാം തമ്പടിച്ചിരിക്കുന്നത് നായ്ക്കൂട്ടങ്ങളാണ്.
ഇരിപ്പിടങ്ങളില്‍ കിടന്നുറങ്ങുന്ന തെരുവുനായകളെ കണ്ട് അന്തംവിടുകയാണ് വിദേശവിനോദ സഞ്ചാരികള്‍. റെയില്‍വേ സ്റ്റേഷനിലെ കുടിവെള്ള പൈപ്പുകളില്‍ നിന്നാണ് നായകള്‍ വെള്ളം കുടിക്കുന്നത്. ഈ പൈപ്പ് തന്നെ ആളുകള്‍ക്കും ഉപയോഗിക്കേണ്ടി വരുന്നു. ടൗണ്‍ പരിധിയില്‍ മാത്രമല്ല ജില്ലയിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലും തെരുവുനായകളുടെ ശല്യം രുക്ഷമാണ്.
കട്ടിപ്പാറയിൽ തെരുവ് നായ ശല്യം രൂക്ഷം
താമരശേരി: കട്ടിപ്പാറയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ബസ് സ്റ്റാഡിലും ബസ് സ്റ്റോപിലുമാണ് നായകൾ കൂട്ടമായെത്തുന്നത്. യാത്രക്കാർക്ക് നേരെ കുരച്ചു ചാടുന്നതും പതിവാണ്. വിദ്യാർഥികളും സ്ത്രീകളുമാണ് ഏറെ പ്രയാസപ്പെടുന്നത്. ഒറ്റയ്ക്കു നടന്നു പോകാനാവാത്ത സ്ഥിതിയായാണ്.
നായകൾ നടന്നുപോകുന്നവരുടെ പിന്നാലെ വരുന്നതോടെ ഭയന്നോടി വീഴുന്നതും പതിവാണ്. പഞ്ചായത്തിൽ പരാതിപ്പെടുന്നുണ്ടെങ്കിലും പരിഹാരമില്ല. നായകൾ ബസ് സ്റ്റോപ്പിൽ ഇരിപ്പിടത്തിൽ കയറി കിടക്കുന്നതിനാൽ ബസ് സ്റ്റോപ്പും ഉപയോഗിക്കാനാവാത്ത ഗതികേടിലാണ്.
സന്ധ്യയാകുന്നതോടെ കട്ടിപ്പാറ ടൗൺ ഒന്നാകെ തെരുവ് നായകൾ കൈയ്യടക്കും ചെറിയ വാഹനങ്ങൾക്കു പിന്നാലെ കുരച്ചു പാഞ്ഞെത്തിയും ഭീതി പരത്തുന്നുണ്ട്. ഇരുചക്രവാഹന യാത്രക്കാരാണ് എറെ പ്രയാസപ്പെടുന്നത്.
കൊയിലാണ്ടിയിൽ സ്ഥിതി ഗുരുതരം
കൊയിലാണ്ടി: കൊയിലാണ്ടിയിൽ തെരുവുനായകളുടെ ശല്യം ദിനംപ്രതി വർധിച്ചു വരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കൊയിലാണ്ടി നഗരത്തിലും സമീപപ്രദേശങ്ങളിലും നിരവധി പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. താലൂക്ക് ആശുപത്രിയിൽ മാസത്തിൽ 200 ഓളം പേരെങ്കിലും നായയുടെ കടിയേറ്റു മാത്രം എത്തുന്നുണ്ട്.
തെരുവുനായകളുടെ വംശവർധനവ് തടയാനായി കൊണ്ടുവന്ന വന്ധ്യംകരിക്കൽ പദ്ധതി എങ്ങുമെത്തിയില്ല. ജില്ലാ പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പുമായി യോജിച്ച് നടപ്പിലാക്കിയ എബിസി സെന്ററുകൾ നോക്കുകുത്തിയായി മാറി.
ജില്ലയിൽ നാദാപുരം, അത്തോളി, കൊയിലാണ്ടി എന്നിവിടങ്ങളിലാണ് വന്ധ്യംകരണം നടത്താനായി സെന്ററുകൾ സ്ഥാപിച്ചത്. കൊയിലാണ്ടിയിലേത് കൊടക്കാട്ടുമുറിയിൽ 2012 ലാണ് സ്ഥാപിച്ചത്. ഇപ്പോൾ പ്രവർത്തനം നിലച്ചിരിക്കുകയാണ്.