സ്വകാര്യ ഭൂമിയില്‍ മരം നടീല്‍ പ്രോത്സാഹന പദ്ധതിയുമായി സര്‍ക്കാര്‍
1538268
Monday, March 31, 2025 5:08 AM IST
കോഴിക്കോട്: സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ച് പരിസ്ഥിതി സംരക്ഷണവും തടിവിഭവങ്ങളുടെ ലഭ്യതയും ഉറപ്പാക്കുന്നതിനായി ‘ട്രീ ബാങ്കിംഗ് സ്കീം' സംസ്്ഥാനത്ത് നടപ്പാക്കുന്നു. പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്കായി 70 ലക്ഷം രൂപ വിനിയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാര്‍ബണ്‍ ന്യൂട്രാലിറ്റിയും തടി കൃഷിയില്‍ സ്വയംപര്യാപ്തതയും കൈവരിക്കാന്‍ പദ്ധതി സഹായിക്കും. 15 വര്‍ഷം കഴിയുമ്പോള്‍ ആ സമയത്തെ നിയമങ്ങള്‍ക്കനുസൃതമായി മരങ്ങള്‍ വെട്ടിവിറ്റ് ഉടമയ്ക്ക് സാമ്പത്തിക ലാഭം നേടാന്‍ കഴിയും വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നു.
വൃക്ഷത്തൈകളും വിത്തുകളും സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യും. പദ്ധതി പ്രകാരം മരങ്ങള്‍ നടുന്നവര്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മരങ്ങള്‍ വെട്ടാന്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ അനുമതി തേടണം.
പദ്ധതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാനത്തെ വനസമ്പത്ത് വര്‍ദ്ധിപ്പിക്കാനും, കര്‍ഷകര്‍ക്ക് അധിക വരുമാനം നേടാനും സാധിക്കുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.