പാലക്കാട് ഡിവിഷനില്‍ ഒരു വര്‍ഷം ആര്‍പിഎഫ് പിടികൂടിയത് 7.46 കോടിയുടെ മയക്കുമരുന്ന്
1538648
Tuesday, April 1, 2025 7:13 AM IST
കോഴിക്കോട്: കഴിഞ്ഞ സാമ്പത്തിക വര്‍ഷം പാലക്കാട് ഡിവിഷനിലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് പിടികൂടിയത് 7.46 കോടി രൂപയുടെ മയക്കുമരുന്ന്. 146 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. 41 പേര് അറസ്റ്റിലായി.
കണക്കില്‍പ്പെടാത്ത 2.76 കോടി രൂപയും ട്രെയിനുകളിൽനിന്ന് പിടിച്ചെടുത്തു. പത്തുകേസുകളിലായി 12 പേര് അറസ്റ്റിലായി. 73.54 ലക്ഷത്തിന്റെ കള്ളക്കടത്തുസ്വര്‍ണം പിടികൂടി കണ്ടുകെട്ടിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ 45 അതിക്രമകേസുകളാണ് ഉണ്ടായത്. ഇതില്‍ 42 കേസുകളില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു.
44 പേര് അറസ്റ്റിലായി. കഴിഞ്ഞ വര്‍ഷം വഴിതെറ്റിപ്പോയ 198 കുട്ടികളെയാണ് പാലക്കാട് ഡിവിഷനില്‍ രക്ഷപ്പെടുത്തിയത്. ഇതില്‍ 157 പേര് ആണ്‍കുട്ടികളും 41 പേര് പെണ്‍കുട്ടികളുമാണ്. കുട്ടികളെ രക്ഷപ്പെടുത്തി രക്ഷിതാക്കള്‍ക്കു കൈമാറുകയായിരുന്നു. 67 മുതിര്‍ന്ന പൗരന്മാരെ രക്ഷപ്പെടുത്താനും അവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കികൊടുക്കാനും കഴിഞ്ഞു. ഇതില്‍ 37 പേര് വനിതകളാണ്. യാത്രക്കാരുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഇടപെടാനും നടപടിയെടുക്കാനും കഴിഞ്ഞതായി റെയില്‍വേ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.
ഒരു വര്‍ഷത്തിനിടയില്‍ കവര്‍ച്ചയും മോഷണവുമായി ബന്ധപ്പെട്ട് 137 കേസുകളാണ് ആര്‍പിഎഫ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 73 കേസുകളില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു. റെയില്‍വേ പരിസരത്തുനിന്ന് ജീവന് അപകടത്തിലായ അഞ്ചുപേരുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞതായി വാര്‍ത്താക്കുറിപ്പ് അറിയിച്ചു. പാലക്കാട് ഡിവിഷനുകീഴില്‍ കഴിഞ്ഞ വര്‍ഷം ട്രെയിനുകള്‍ക്കുനേരെ കല്ലെറിഞ്ഞ 37 സംഭവങ്ങളാണ് ഉണ്ടായത്. ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടികളാണ് ആര്‍പിഎഫ് സ്വകീരിച്ചിട്ടുള്ളതെന്ന് റെയില്‍വേ അറിയിച്ചു.
യാത്രക്കാര്‍ ബാഗുകള്‍ വച്ചുമറന്നതും നഷ്ടപ്പെട്ടതുമായ 1188 സംഭവങ്ങളില്‍ അവ കണ്ടെടുത്ത് തിരികെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞു. 2.96 കോടി വസ്തുവകകളാണ് ഇത്തരത്തില്‍ തിരിച്ചുനല്‍കിയത്.
സ്വന്തം ലേഖകന്‍