മലയോര ഹൈവേ പ്രവൃത്തി പുരോഗതിയിൽ : കൂരാച്ചുണ്ട് പഞ്ചായത്തിലെ പ്രവൃത്തിക്കുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യം
1537840
Sunday, March 30, 2025 5:07 AM IST
കൂരാച്ചുണ്ട്: കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായ മലയോര ഹൈവേയുടെ പനങ്ങാട് പഞ്ചായത്തിലുൾപ്പെട്ട തലയാട് പടിക്കൽവയൽ മുതൽ കൂരാച്ചുണ്ട് പഞ്ചായത്തിൽ ഉൾപ്പെട്ട ഇരുപത്തെട്ടാംമൈൽ വരെയുള്ള റോഡിന്റെ പ്രവർത്തി പുരോഗമിക്കുന്നു.
തലയാട് മുതൽ ഇരുപത്തഞ്ചാം മൈൽ വരെയുള്ള ഭാഗത്തെ റോഡിന്റെ ടാറിംഗ് പ്രവർത്തി നടത്തിവരികയാണ്. 50 കോടി രൂപ ചെലവഴിച്ചുകൊണ്ട് 6.7 കിലോമീറ്റർ ദൂരത്തിലുള്ള പ്രവർത്തിയാണ് നടന്നു വരുന്നത്. ഇതിൽ പാലം, കൽവെർട്ടുകൾ, റോഡിന്റെ സംരക്ഷണഭിത്തി നിർമാണം എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്.
എന്നാൽ കൂരാച്ചുണ്ട് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇരുപത്തെട്ടാംമൈൽ മുതൽ പൂവത്തുംചോല വരെയും കൂരാച്ചുണ്ട് ടൗണിലെ 800 മീറ്റർ ഒഴികെ കൂരാച്ചുണ്ട് കള്ളുഷാപ്പ് മുതൽ ചെമ്പ്ര വരെയുള്ള 9.3 കിലോമീറ്റർ റോഡിന്റെ ഒരു റീച്ചിലുള്ള എസ്റ്റിമേറ്റ് തയാറാക്കി നൽകിയെങ്കിലും പദ്ധതിക്കുള്ള സാങ്കേതികാനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
കൂരാച്ചുണ്ട് ടൗണിലെ 800 മീറ്റർ ദൂരം ഒരു റീച്ചിലാണ് പ്രവർത്തി നടത്തുന്നത്. ഇവിടെ റോഡിനായി സ്ഥലം വിട്ടുനൽകുന്നവരുടെ അനുമതിപത്രം പൂർണമായും ലഭിക്കുകയും എസ്റ്റിമേറ്റ് നടപടികൾ നടന്നുവരികയുമാണെന്ന് കെആർഎഫ്ബി ഉദ്യോഗസ്ഥർ അറിയിച്ചു. കൂരാച്ചുണ്ടിൽ നിന്നും കല്ലാനോട് തലയാട് വഴി താമരശേരിയിലേക്ക് പോകാനുള്ള എളുപ്പ മാർഗമാണ് ഈ റോഡ്.
അനുദിനം ഒട്ടനവധി ആൾക്കാർ യാത്ര ചെയ്യുന്ന റോഡിന്റെ പ്രവർത്തി വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. പെരുവണ്ണാമൂഴി മുതൽ ചക്കിട്ടപാറ വരെയുള്ള മലയോര ഹൈവേയുടെ നിർമാണവും നടന്നുവരികയാണ്. എത്രയും വേഗത്തിൽ റോഡിന്റെ പ്രവർത്തി പൂർത്തീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.