കോഴിക്കോട്ടെ നൈറ്റ് ലൈഫും ആക്രമണവും : ഫുഡ് സ്ട്രീറ്റ് പദ്ധതിക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക
1537839
Sunday, March 30, 2025 5:07 AM IST
കോഴിക്കോട്: നഗരത്തില്‍ രാത്രികാല കച്ചവടത്തിന്റെ മറവില്‍ ലഹരി മാഫിയയും സാമൂഹിക വിരുദ്ധരും സ്വൈര്യ ജീവിതത്തിന് തടസമാകുന്നുവെന്ന ആക്ഷേപവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും ടൂറിസത്തെ ബാധിക്കുമെന്ന് ആശങ്ക.
നൈറ്റ് ലൈഫിന് തടയിടണമെന്നും നമ്മുടെ രാജ്യത്തിന് യോജിക്കുന്നതല്ല അതെന്നുമുള്ള അഭിപ്രായം മലബാറിലെ ടൂറിസത്തിനുതന്നെ കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണെന്ന ആക്ഷേപമാണ് ഉയരുന്നത്.കേരളത്തിലെ ടൂറിസം മേഖലയുടെ വികസനത്തിന് ആക്കം കൂട്ടാന്‍ രാത്രി ഫുഡ് സ്ട്രീറ്റുകള്‍ എന്ന ആശയമാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉള്‍പ്പെടെ പങ്കുവയ്ക്കുന്നത്. ഇതിനുള്ള തുടക്കവും കോഴിക്കോട് നഗരത്തില്‍ കുറിക്കപ്പെട്ടുകഴിഞ്ഞു.
ഇതിനിടയിലാണ് ഇരിങ്ങാടന്‍ പള്ളി റോഡിലെ രാത്രികാല ഭക്ഷണം ചര്‍ച്ചയാകുന്നത്. ഒരു വിഭാഗം ലഹരി ഉപയോഗിക്കുന്നതിന് മറയായി നൈറ്റ് ലൈഫിനെ കാണുകയാണ്. എന്നാല്‍ ഇതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷവും തട്ടുകടകള്‍ക്ക് നേരേയുള്ള അക്രമവും കോഴിക്കോട് നഗരത്തിന് തന്നെ മാനക്കേടാകുകയാണ്.
രാത്രി ഏഴു മുതല്‍ രാത്രി പന്ത്രണ്ട് വരെ സ്ട്രീറ്റുകള്‍ പ്രവർത്തിക്കുന്ന രീതിയിലാണ് ടൂറിസം വകുപ്പ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ പദ്ധതിയുടെ ഭാഗമല്ലെങ്കിലും ഇപ്പോള്‍ സംഘര്‍ഷമുണ്ടായ ഇരിങ്ങാടന്‍ പള്ളി ഭാഗത്ത് നിരവധി തട്ടുകടകളാണ് പ്രവര്‍ത്തിക്കുന്നത്.
രാത്രികാല കച്ചവടങ്ങളുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് കോര്പറേഷന് അധികൃതര്‍ പറയുന്നത്.കേന്ദ്ര സർക്കാറിന്റെ ഉദ്യം രജിസ്ട്രേഷൻ വഴിയാണ് കച്ചവടം തുടങ്ങുന്നത്. ഇതിന്റെ മറവിൽ ചെറുപ്പക്കാർ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ഇതേ പദ്ധതി തന്നെയല്ലേ കോര്പറേഷന് അനുമതിയോടെ മറ്റൊരു തരത്തില്‍ നടപ്പിലാക്കാന്ഉദ്ദേശിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.
ഇരുവശങ്ങളിലുമായി ഫുഡ് കോർട്ടുകൾ നിറഞ്ഞതോടെ രാത്രിയിൽ വൻ തിരക്കാണ് മിനി ബൈപാസിൽ അനുഭവപ്പെടുന്നത്. റോഡിലെ അനധികൃത പാര്‍ക്കിംഗും സംഘർഷവും ഏറെ ബുദ്ധിമുട്ടായതോടെ നാട്ടുകാർ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്ത് ലഹരി വില്പനയും സജീവമാണെന്നാണ് നാട്ടുകാർ പറയുന്നത്. അടുത്തിടെ മിനി ബൈപാസിൽ ലഹരി വില്പനക്കെത്തിയ യുവാവിനെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു.
രാത്രികാല കച്ചവടസ്ഥാപനങ്ങള്‍ രാത്രി 11ന് അടയ്ക്കാന്‍ തീരുമാനം
കോഴിക്കോട്: കോവൂര്‍ -ഇരിങ്ങാടന്‍ പള്ളി റോഡിലെ രാത്രികാല കച്ചവടസ്ഥാപനങ്ങള്‍ രാത്രി 11 ഓടെ അടയ്ക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം10.30 ഓടെ കടകളില്‍ ഭക്ഷണവിതരണം നിര്‍ത്താനും സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി.
നിലവിലെ തര്‍ക്കങ്ങളും സംഘര്‍ഷങ്ങള്‍ക്കും പരിഹാരമായിട്ടാണ് തീരുമാനം. മെഡിക്കല്‍ കോളജ് എസിപിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. റോഡരികിലെ പാര്‍ക്കിംഗ് പൂര്‍ണമായും നിരോധിക്കാനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി.
പ്രദേശത്ത് സിസിടിവികള്‍ സ്ഥാപിക്കുകയും സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും ചെയ്യും. ഒരു മാസത്തിന് ശേഷം സബ് കമ്മിറ്റി വിഷയം ഒന്നുകൂടി പരിശോധിക്കും.കോവൂര്‍- ഇരിങ്ങാടന്‍പള്ളി മിനി ബൈപാസിലെ രാത്രികാല കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചതോടെയാണ് പോലീസ് സര്‍വകക്ഷിയോഗം വിളിച്ചത്.