ഉദയം 5 വർഷം പൂർത്തിയാക്കുന്നു
1537605
Saturday, March 29, 2025 4:49 AM IST
കോഴിക്കോട്: തെരുവിൽ കഴിയുന്നവർക്കും ഒറ്റപ്പെട്ടു പോകുന്നവർക്കും സുരക്ഷിതമായ താമസവും ഭക്ഷണവും ഒരുക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയായ ഉദയം അഞ്ചുവർഷം പൂർത്തിയാക്കുന്നു.
ചേവായൂർ ഉദയം ഹോമിൽ നടന്ന വാർഷികാഘോഷം ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. 2020 മാർച്ചിൽ ആരംഭിച്ച ഉദയം പദ്ധതി വഴി ഇതുവരെ രണ്ടായിരത്തോളം പേർക്ക് വിവിധ തരത്തിലുള്ള പുനരധിവാസ സേവനങ്ങൾ നൽകാനായിട്ടുണ്ട്.
240 പുരുഷന്മാർക്ക് കഴിയാവുന്ന ഉദയം ഹോമുകൾ നഗരത്തിൽ വെസ്റ്റ് ഹിൽ, വെള്ളിമാടുകുന്ന്, ചേവായൂർ എന്നിവിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ അനിതകുമാരി, സാമൂഹ്യ നീതി ഓഫീസർ അഞ്ചു മോഹൻ,
ഉദയം പദ്ധതി സ്പെഷൽ ഓഫീസർ ഡോ. രാഗേഷ്, ഉദയം ഹോം സൂപ്രണ്ട് ആര്യ, സ്മൈൽ സ്കീം കോഓർഡിനേറ്റർ ജിജി, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായി. തുടർന്ന് അന്തേവാസികൾ കലാപരിപാടികൾ അവതരിപ്പിച്ചു.