വിൻസി തോമസ് കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
1537597
Saturday, March 29, 2025 4:47 AM IST
കൂരാച്ചുണ്ട്: ഇന്നലെ നടന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൂന്നാം വാർഡ് മെമ്പറും കോൺഗ്രസ് അംഗവുമായ വിൻസി തോമസ് എട്ട് വോട്ട് നേടി തെരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച കേരള കോൺഗ്രസ് - എം പ്രതിനിധിയായ സിനി ഷിജോ നാലു വോട്ടുകൾ നേടി.
വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി യുഡിഎഫിലെ സണ്ണി പുതിയകുന്നേൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്രനായ അരുൺ ജോസ് യുഡിഎഫിന് വോട്ട് ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട സ്ഥാനമൊഴിഞ്ഞ സീറ്റിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.
2015-ലെ തെരഞ്ഞെടുപ്പിൽ വിൻസി തോമസ് നാലുവർഷം പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു. 2020-ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനപ്രകാരം പഞ്ചായത്ത് പ്രസിഡന്റായിരുന്ന പോളി കാരക്കട അവിശ്വാസ പ്രമേയത്തെ തുടർന്ന് പുറത്താക്കുകയും മുസ്ലിം ലീഗ് സ്വതന്ത്രനും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന ഒ.കെ. അമ്മദ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന മുസ്ലിം ലീഗിലെ റസീന യൂസഫ് രാജി നൽകിയതിനെ തുടർന്നാണ് പുതിയ വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് നടപടികൾക്ക് വരണാധികാരിയായ കൃഷി ഓഫീസർ എം.വിധു നേതൃത്വം നൽകി.