കാത്തിരിപ്പ് തീരുന്നു; കനാൽ സിറ്റി പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്
1537595
Saturday, March 29, 2025 4:47 AM IST
കല്ലായി മുതൽ എരഞ്ഞിക്കൽവരെ 11.2 കിലോമീറ്ററിലാണ് പദ്ധതി
കോഴിക്കോട്:ജില്ല കാത്തിരിക്കുന്ന കനാൽ സിറ്റി പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്.റോഡിന്റെ വീതിയിലും പാലങ്ങളുടെ ഉയരത്തിലും മാറ്റങ്ങളോടെയാവും പദ്ധതി നടപ്പാക്കുക. ഈ മാറ്റങ്ങൾക്കുള്ള ശിപാർശ അംഗീകാരത്തിനായി സർക്കാരിൽ സമർപ്പിച്ചു. അനുമതി ലഭിക്കുന്നതോടെ ടെൻഡർ നടപടിയിലേക്ക് നീങ്ങും.
കല്ലായിമുതൽ എരഞ്ഞിക്കൽവരെ 11.2 കിലോമീറ്ററിലാണ് പദ്ധതി നടപ്പാക്കുന്നത്. ദേശീയ ജലപാതയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് 32 മീറ്ററാവണം പാതയുടെ വീതി. നിലവിൽ ഇവിടെ എട്ടുമുതൽ 25 മീറ്റർവരെയാണ് വീതി. സ്ഥലമേറ്റെടുത്ത് വിപുലീകരിക്കേണ്ട ഭാഗങ്ങളിൽ പരമാവധി വീതി 14 മീറ്ററാക്കും.
ഏഴ് ഏക്കറിനുള്ളിലായി സ്ഥലമെടുപ്പ് ചുരുക്കിയേക്കും. കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും പ്രയാസമുണ്ടാവാതിരിക്കാൻ സ്ഥലമേറ്റെടുപ്പ് പരമാവധി ചുരുക്കാനാണ് ആലോചിക്കുന്നത്. കല്ലായിക്കും എരഞ്ഞിക്കലിനുമിടയിൽ ആകെ 23 പാലങ്ങളാണുള്ളത്. പാതയ്ക്കായി പാലങ്ങൾ ഉയരംകൂട്ടേണ്ടതുണ്ട്. ഉയരംകുറഞ്ഞ 11 പാലങ്ങൾ 3.6 മീറ്ററിലേക്കാണ് ഉയർത്തുക.
പുതിയറയിലെ പാലമാണ് ആദ്യം ഉയരംകൂട്ടി പുനർനിർമിക്കുക. ശേഷിക്കുന്നവ ഘട്ടംഘട്ടമായി ഉയരംകൂട്ടും.
പാലത്തിന് ഉയരംകൂടിയാൽ അപ്രോച്ച് റോഡിന് ഉയരംകൂടുന്നതുമൂലമുള്ള മറ്റ് പ്രതിസന്ധികൾ ഒഴിവാക്കാനാണിത്. വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകുന്ന പദ്ധതിയിലൂടെ നഗരത്തിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിനും വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ.
കിഫ്ബിയിൽനിന്ന് 1118 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. കോവളംമുതൽ ബേക്കൽവരെയുള്ള ജലപാതയുടെ ഭാഗമാണ് ഈ കനാൽ സിറ്റി. പദ്ധതി യാഥാർഥ്യമാകുന്നതോടെ നഗരത്തിന്റെ തിരക്കൊഴിവാക്കാനും ചരക്കുവാഹന ഗതാഗതത്തിനും ടൂറിസ്റ്റുകൾക്കും ഈവഴി ഉപയോഗപ്പെടുത്താനാവും