ആശ്രിത നിയമനം; സംഘടനകൾ യോജിച്ച പ്രക്ഷോഭത്തിന് തയാറാവണം: എൻജിഒ അസോസിയേഷൻ
1537309
Friday, March 28, 2025 5:13 AM IST
താമരശേരി: ആശ്രിത നിയമന വ്യവസ്ഥയിൽ നിലവിലെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ ഉത്തരവ് മനുഷ്യത്വരഹിതവും വിവേചനപരവുമാണെന്ന് എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശേരി പറഞ്ഞു.
ആശ്രിതർക്ക് 13 വയസില്ലെങ്കിൽ ആശ്രിത നിയമനം സംബന്ധിച്ച പുതിയ ചട്ടപ്രകാരം ജോലിക്ക് അർഹതയില്ലെന്ന നയം വിചിത്രവും യുക്തിക്ക് നിരക്കാത്തതുമാണ്. പ്രഖ്യാപിച്ച ക്ഷാമബത്തയുടെ കുടിശിക പോലും ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ രാഷ്ട്രീയ വിധേയത്വം മാറ്റിവച്ച് ഇടത് സംഘടനകൾ യോജിച്ച പ്രക്ഷോഭത്തിന് തയാറാകണം.
വിവിധ ആവശ്യങ്ങളുന്നയിച്ച് എൻജിഒ അസോസിയേഷൻ താമരശേരി താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് പി. അരുൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സിജു കെ. നായർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം ടി. അജിത് കുമാർ, എം.ടി. ഫൈസൽ, സി.കെ. അബ്ദുൾ റഷീദ്, സി. ബിനീഷ്, ജൂബി ജോസഫ്, ബ്രാഞ്ച് സെക്രട്ടറി ബി.സി. സാജേഷ്, ട്രഷറർ കെ.കെ. ഷൈജേഷ് എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് പി.വി. സന്ദീഷ്, പി. ധന്യ, എ.ആർ. രോഷ്ന, ജൂബി ജോസഫ്, കെ. ഫൗസിയ, കെ. ദിവ്യ, കെ.ടി. കൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം നൽകി.