ഉരുള്‍പൊട്ടലിൽ ഇരയായ കുട്ടികള്‍ക്ക് "ഉയിര്‍പ്പ്' പദ്ധതിയുമായി മലബാര്‍ ഗ്രൂപ്പ്
1537304
Friday, March 28, 2025 5:09 AM IST
കോഴിക്കോട്: വയനാട്ടില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഉരുള്‍പൊട്ടലിന് ഇരയായ കുടുംബങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായം നല്‍കുന്നതിനായി മലബാര്‍ ഗ്രൂപ്പ് ഉയിര്‍പ്പ് എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നു.
ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളിലെ 134 വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നതിനുള്ള പദ്ധതിയാണിത്. "ഉയിര്‍പ്പ്'പദ്ധതിയുടെ ഉദ്ഘാടനം നാളെ പ്രിയങ്കാ ഗാന്ധി എംപി നിര്‍വഹിക്കും.
ടി. സിദ്ദീഖ് എംഎല്‍എ, മുന്‍ എംഎല്‍എയും രാജ്യസഭാംഗവുമായിരുന്ന എം.വി. ശ്രേയാംസ് കുമാര്‍, എംഎല്‍എ എ.പി. അനില്‍ കുമാര്‍, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാര്‍, "മിസൈല്‍ വുമണ്‍ ഓഫ് ഇന്ത്യ' ഡോ. ടെസി തോമസ്, യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം വിജയകുമാര്‍,
വയനാട് ജില്ലാ കളക്ടര്‍ ഡി. ആര്. മേഘശ്രീ, മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ്, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യാ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ഉന്നത പഠനത്തിന് സഹായം ആവശ്യമുള്ള 134 വിദ്യാർഥികളെ ഇതിനകം തന്നെ മലബാര്‍ ഗ്രൂപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 70 പേര് പെണ്‍കുട്ടികളും 64 പേര് ആണ്‍കുട്ടികളുമാണ്. ഇവരുടെ പഠനത്തിനുള്ള മുഴുവന്‍ ചെലവും മലബാര്‍ ഗ്രൂപ്പ് വഹിക്കും. "ഉയിര്‍പ്പ്'പദ്ധതിക്കായി രണ്ട് കോടി രൂപയാണ് മലബാര്‍ ഗ്രൂപ്പ് നീക്കിവെച്ചിട്ടുള്ളത്.