ബജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു
1537303
Friday, March 28, 2025 5:09 AM IST
മുക്കം: കാരശേരി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിന്റെ കോപ്പി കത്തിച്ച് എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. ബജറ്റിൽ പ്രഖ്യാപിച്ച തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതന വർധനവ്, തൃക്കുടമണ്ണ തൂക്കുപാലം നവീകരിക്കാൻ 30 ലക്ഷം, ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കാൻ അഞ്ച് കോടി അറുപത് ലക്ഷം എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങൾ വ്യാജമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ബജറ്റ് വഞ്ചനാപരവും ജനങ്ങളെ പറ്റിക്കുന്നതുമാണന്ന് ഇടത് മെമ്പർമാർ പറഞ്ഞു. സാധാരണഗതിയിൽ ഒരു പദ്ധതി പ്രഖ്യാപിക്കുമ്പോൾ ആ പദ്ധതിക്ക് ആവശ്യമായ പണമോ പ്രതീക്ഷിക്കുന്ന പണമോ ബജറ്റിൽ നീക്കി വെക്കാറുണ്ടെന്നും എന്നാൽ ഇവിടെ അതുണ്ടായില്ലെന്നും എൽഡിഎഫ് ആരോപിച്ചു.
പ്രതിഷേധത്തിന് കാരശേരി പഞ്ചായത്ത് മെമ്പർമാരായ കെ.പി. ഷാജി, കെ. ശിവദാസൻ, എം.ആർ. സുകുമാരൻ, ശ്രുതി കമ്പളത്ത്, ജിജിത സുരേഷ്, ഇ.പി. അജിത്ത് എൽഡിഎഫ് നേതാക്കളായ ഇ.പി. ബാബു, വി. മോയി, അഷ്റഫ് തോട്ടത്തിൽ, ശ്രീകുമാർ പാറത്തോട്, അജയഘോഷ് തുടങ്ങിയവർ നേതൃത്വം നൽകി