മുതപ്പറമ്പ് കോളനി ഇനി മുതപ്പറമ്പ് നഗർ
1537301
Friday, March 28, 2025 5:09 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ മുതപ്പറമ്പ് കോളനി ഇനി മുതപ്പറമ്പ് നഗർ എന്ന് അറിയപ്പെടും. കോളനികൾ എന്ന പദം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് തുടക്കം കുറിച്ച പദ്ധതിയുടെ ഭാഗമായാണ് പേര് മാറ്റിയത്.
രണ്ട് വർഷം മുമ്പ് രണ്ടാം വാർഡിലെ കാരക്കുറ്റി കോളനിയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി പേര് ഗ്രീനറിവില്ല എന്നാക്കി മാറ്റിയിരുന്നു. മൂന്നാം വാർഡിലെ കോളനിയുടെ പേര് രാജീവ് നഗർ എന്നും പത്താം വാർഡിലെ കോളനിയുടെ പേര് ആദാടികുന്ന് നഗർ എന്നുമാക്കി നാമകരണം ചെയ്തിരുന്നു.
മുതപ്പറമ്പ് കോളനിയിൽ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക നിലയം, വീടുകൾ നവീകരിച്ചു നൽകൽ, റോഡ് നിർമാണം, ചുറ്റുമതിൽ നിർമാണം മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിവ പൂർത്തിയാക്കിയിരുന്നു.
ഇവിടുത്തെ 13 പട്ടികജാതി കുടുംബങ്ങൾക്കും പട്ടയം ലഭ്യമാക്കാനാവശ്യമായ നടപടികളും നിലവിലെ ഭരണ സമിതിയുടേയും വാർഡ് മെമ്പർ ബാബു പൊലുകുന്നത്തിന്റെയും നേതൃത്വത്തിൽ സ്വീകരിച്ചു. മുതപ്പറമ്പ് നഗർ പ്രഖ്യാപനം ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു.