വിലങ്ങാട് ഉരുൾ പൊട്ടൽ: ദുരിതബാധിതന് നോട്ടീസ് : പഞ്ചായത്ത് ഓഫീസിൽ ഡിവൈഎഫ്ഐ, യുവമോർച്ച പ്രതിഷേധം
1537298
Friday, March 28, 2025 5:09 AM IST
വിലങ്ങാട്: വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ട്പ്പെട്ടവർക്ക് കെട്ടിട നികുതി നോട്ടീസ് അയച്ചതിൽ പ്രതിഷേധിച്ച് വാണിമേൽ പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധം. ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകരാണ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
വിലങ്ങാട് മഞ്ഞച്ചീളി സ്വദേശി സോണി പന്തലാടിക്കലിനാണ് കഴിഞ്ഞ ദിവസം കെട്ടിട നികുതി അടക്കാൻ വാണിമേൽ പഞ്ചായത്തിന്റെ നോട്ടീസ് ലഭിച്ചത്. ഡിവൈഎഫ്ഐ പ്രതിഷേധം പി. രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. എ.കെ. ബിജിത്ത് അധ്യക്ഷത വഹിച്ചു. സി.അഷിൽ, കെ.കെ. ലിജിന എന്നിവർ പ്രസംഗിച്ചു.
ഉരുൾപൊട്ടലിൽ സകലതും നഷ്ടപ്പെട്ട വിലങ്ങാട്ടെ ജനങ്ങളെ വീണ്ടും ദ്രോഹിക്കുന്ന പഞ്ചായത്തിന്റെ നടപടിക്കെതിരേ യുവമോർച്ചയും പ്രതിഷേധവുമായി എത്തി. പ്രകടനവുമായെത്തിയ പ്രവർത്തകർ പോലീസുകാരെ തള്ളി മാറ്റി ഓഫീസിനകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പോലീസ് തടഞ്ഞു.
പ്രതിഷേധക്കാർ പോലീസുമായി ഉന്തും, തള്ളും ഉണ്ടായി. പ്രതിഷേധത്തിന് അഖിൽ നാളോംകണ്ടി, വി.കെ. ശ്രീജിത്ത്, അമൽ രാജ്, ഷിബിൻ വിലങ്ങാട് എന്നിവർ നേതൃത്വം നൽകി.