മാലിന്യ മുക്തം നവകേരളം; ജില്ലാതല പ്രഖ്യാപനം ഏപ്രില്‍ 5ന്
1537297
Friday, March 28, 2025 5:09 AM IST
കോഴിക്കോട്: സമ്പൂര്‍ണ്ണ മാലിന്യമുക്ത ജില്ലയാകാന്‍ ഒരുങ്ങി കോഴിക്കോട്. സമ്പൂര്‍ണ ശുചിത്വത്തിനായി സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് പ്രവര്‍ത്തനങ്ങളുടെ ജില്ലാതല പ്രഖ്യാപനം ഏപ്രില്‍ അഞ്ചിന് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പറഞ്ഞു.
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന് ജില്ലാതല നിര്‍വഹണ സമിതി യോഗത്തിലാണ് തീരുമാനം. ക്യാമ്പയിനില്‍ സജീവമായി പങ്കെടുക്കുകയും മാലിന്യ സംസ്കരണ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത വിവിധ തലങ്ങളില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്കുള്ള അനുമോദനവും ചടങ്ങില്‍ നല്‍കും.
മികച്ച പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, സിഡിഎസ്, സ്ഥാപനം തുടങ്ങിയ മേഖലയിലാണ് അനുമോദനം. പഞ്ചായത്ത്, കോര്പറേഷന്, മുനിസിപ്പാലിറ്റി തലത്തിലുള്ള മാലിന്യ മുക്ത പ്രഖ്യാപനങ്ങള്‍ 30 ന് അതാത് സ്ഥാപനങ്ങളില്‍ നടക്കും. ബ്ലോക്ക് തലത്തിലുള്ള പ്രഖ്യാപനം ഏപ്രില്‍ മൂന്നിന് അതാത് ബ്ലോക്ക് പഞ്ചായത്തുകളിലും നടക്കും.