മസ്റ്ററിംഗിനു രണ്ടുമാസം സമയംകൂടി അനുവദിക്കും; കേന്ദ്രം ഉറപ്പുനല്‍കിയെന്ന് റേഷന്‍ വ്യാപാരികള്‍
1537289
Friday, March 28, 2025 4:50 AM IST
കോഴിക്കോട്: റേഷന്‍ കാര്‍ഡ് മസ്റ്ററിംഗിനുള്ള സമയം രണ്ടുമാസം കൂടി ദീര്‍ഘിപ്പിക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ളാദ് ജോഷി ഉറപ്പുനല്‍കിയതായി റേഷന്‍ വ്യാപാരികള്‍.ആള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി.മുഹമ്മദലി എന്നിവരാണ് കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയത്.
സംസ്ഥാനത്ത് മസ്റ്ററിംഗ് 95 ശതമാനം പൂര്‍ത്തിയായതായി അവര്‍ കേന്ദ്ര മന്ത്രിയെ ധരിപ്പിച്ചു. മഞ്ഞ കാര്‍ഡ്, പിങ്ക് കാര്‍ഡ് വിഭാഗത്തില്‍ 95 ശതമാനം കാര്‍ഡുടമകളും മസ്റ്ററിംഗ് നടത്തി. വൃദ്ധര്‍ , കിടപ്പിലായവര്‍, വിദേശത്തു ജോലി ചെയ്യുന്നവര്‍, കുട്ടികള്‍ എന്നിവരുടെ കൂടി മസ്റ്ററിംഗ് നടത്താനുണ്ട്. ഇതിന് ഒരു വര്‍ഷംകൂടി സമയം നല്‍കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഇത്രയും സമയം ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.മസ്റ്ററിംഗ് പൂര്‍ത്തിയാകാത്തതിന്റെ പേരില്‍ റേഷന്‍ വിഹിതം വെട്ടികുറയ്ക്കാന്‍ പാടില്ലെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ റേഷന്‍ സാധനങ്ങള്‍ നല്‍കുന്നത്. അതിനാല്‍ ഇപ്പോള്‍ ലഭിക്കുന്ന അരിവിഹിതം തികയാത്ത അവസ്ഥയാണുള്ളത്. വെട്ടിക്കുറവു വരുത്തിയാല്‍ അതു കാര്‍ഡുടമകളെ പ്രതികൂലമായി ബാധിക്കും. ഇപ്പോള്‍ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കു മാസത്തില്‍ 35 കിലോ അരിയാണ് സൗജന്യമായി നല്‍കുന്നത്. പിങ്ക് കാര്‍ഡിലെ അംഗങ്ങള്‍ക്ക് അഞ്ചു കിലോ അരിയും നല്കുന്നു. ഇത് അഞ്ചു കിലോയില്‍ നിന്ന് എട്ടു കിലോ ആയി ഉയര്‍ത്തണമെന്ന് മന്ത്രിക്കു നല്കിയ നിവേദനത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് 15 കിലോ അരി മാസത്തില്‍ ന്യായവിലയ്ക്കു ലഭ്യമാക്കണം. റേഷന്‍ വ്യാപാരികളുടെ പ്രതിഫലം 50,000 രൂപയായും കമ്മീഷന് 400 രൂപയായും ഉയര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.റേഷനരിക്കു പകരം പണം നല്കുന്ന ഡിപിടി (ഡയറക്ടറ് പേമെന്റ് ട്രാന്‍സ്ഫര്‍) സംവിധാനം നടപ്പാക്കന്നതില്‍ റേഷന്‍ വ്യാപാരികളുടെ ആശങ്ക നേതാക്കള്‍ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.
കേരളത്തില്‍ ഇതു നടപ്പാക്കില്ലെന്ന് കേന്ദ്ര മന്ത്രി ഉറപ്പുനല്‍കിയതായി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദലി പറഞ്ഞു.റേഷന്‍ വ്യാപാരികളുടെ കമ്മിഷന് വര്‍ധിപ്പിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാറുമായി ആലോചിച്ചു തീരുമാനിക്കാമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.