ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡ് തകര്‍ന്നു
1537288
Friday, March 28, 2025 4:50 AM IST
കുറ്റ്യാടി: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡു തകര്‍ന്നു. വിനോദ സഞ്ചാരികളുടെ യാത്ര ദുഷ്ക്കരമായി. ദിവസവും നൂറുകണക്കിനു വിനോദസഞ്ചാരികള്‍ എത്തുന്ന കേന്ദ്രമാണിത്. മരുതോങ്കര പഞ്ചായത്തിലെ 11, 12 വാര്‍ഡുകളിലാണ് ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം.
മരുതോങ്കര നീര്‍പ്പാലം മുതല്‍ ജാനകിക്കാടുവരെ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് കുറേകാലമായി. എന്നാല്‍ ഇതുവരെ റോഡിന്റെ അറ്റകുറ്റപണി നടന്നിട്ടില്ല. മരുതോങ്കര പഞ്ചായത്തിലുള്ളവര്‍ക്ക് ബാലുശേരി, പേരാമ്പ്ര, പന്തിരിക്കര, ഒറ്റക്കണ്ടം, പെരുവണ്ണാമൂഴി, പാലേരി, കടിയങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന പ്രത്യേകതയും ഈ റോഡിനുണ്ട് .
റോഡിലെ കുഴികള്‍കാരണം രാത്രികാലങ്ങളില്‍ ഇരു ചക്രവാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതു പതിവുകാഴ്ചയാണ്. റോഡില്‍ വഴി വിളക്കുകള്‍ കത്തുന്നില്ല. റോഡിന് വീതിയില്ലാത്തതും മരങ്ങളും വള്ളികളും റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്നതും കാരണം ബസ് അടക്കമുള്ള വലിയ വാഹനങ്ങള്‍ ഇതുവഴി പോകുന്നില്ല.
മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, വടകര തുടങ്ങിയ സ്ഥലങ്ങില്നിന്നുള്ള സഞ്ചാരികളാണ് കൂടുതലായും ജാനകിക്കാട്ടില്‍ എത്താറുള്ളത്. ഇത്തരം സ്ഥലങ്ങളില്‍ നിന്ന് ടൂറിസ്റ്റ് കേന്ദ്രത്തില്‍ എത്തുന്നവര്‍ കുറ്റ്യാടിയില്‍നിന്ന് പാലേരി പോയി, ഒറ്റക്കണ്ടം വഴി ഏറെ കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ട സ്ഥിതിയാണുള്ളത്.
റോഡ് വീതികൂട്ടിയും ചാഞ്ഞ മരങ്ങള്‍ വെട്ടിമാറ്റിയും വഴി വിളക്ക് സ്ഥാപിച്ചും യാത്രാദുരിതം പരിഹരിക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു. കാ ട്ടുപോത്ത്, പന്നി തുടങ്ങിയ വന്യമൃഗങ്ങള്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നതോടെ ഇതുവഴി യാത്രചെയ്യുന്നവര്‍ ഭയത്തോടെയാണ് സഞ്ചരിക്കാറുള്ളത്.
റോഡ് പൊട്ടിപ്പൊളിഞ്ഞതിനാല്‍ വന്യമൃഗങ്ങളെ കണ്ടാല്‍ വേഗത്തില്‍ വണ്ടിയോടിച്ചുപോകാനും കഴിയില്ല.കാട്ടുപോത്തിനെക്കണ്ട് ബൈക്ക് വേഗത്തിലോടിച്ച് വീ ണുപരിക്കേറ്റ സംഭവംവരെ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിന്റെ അറ്റകുറ്റ പണി നടത്തുന്നതിനു സംസ്ഥാന ബജറ്റില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് പറഞ്ഞു. പണി ടെന്ഡറായെന്നും താമസിയാതെ പ്രവൃത്തി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.