വെള്ളിമാടുകുന്ന്- മാനാഞ്ചിറ റോഡ് നിര്‍മാണം ടെന്‍ഡര്‍ ചെയ്തു
1537284
Friday, March 28, 2025 4:50 AM IST
കോഴിക്കോട്: വെള്ളിമാടുകുന്ന്- മാനാഞ്ചിറ റോഡിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ടെന്‍ഡര്‍ ചെയ്തു. ഏപ്രില്‍ 19 ആണ് ബിഡ് സ്വീകരിക്കുന്ന അവസാന തിയതി. മേയ് പകുതിയോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കരാര്‍ നല്‍കും.
85.92 കോടി ചെലവ് പ്രതീക്ഷിക്കുന്ന നിര്‍മാണം ഒന്‍പതു മാസം കൊണ്ട് പൂര്‍ത്തിയാക്കണം.റോഡിന്റെ രൂപകല്‍പ്പന മുതല്‍ നിര്‍മാണം വരെ എല്ലാ ഘടകങ്ങളും ഒരുമിക്കുന്ന എന്‍ജിനിയറിംഗ്, പ്രൊക്യുര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഇപിസി) മാതൃകയിലാണ് ടെന്‍ഡര്‍ ചെയ്തത്.
കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിനു കീഴില്‍ മാനാഞ്ചിറ മുതല്‍ മലാപ്പറമ്പ് വരെ 5.3 കിലോമീറ്റര്‍ റോഡ് 24 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാതയായി നിര്‍മിക്കുന്നതിനാണ് കരാര്‍ നല്‍കുക. കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന റോഡ് പദ്ധതിയാണ് ഇതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ആളുകള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന പദ്ധതിയാണ്. നിര്‍മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നേരിട്ട് റിവ്യൂ മീറ്റിങ്ങുകള്‍ വിളിക്കുമെന്നും മന്ത്രി അറിയിച്ചു.