ഷഹബാസിന്റെയും ഷിബിലയുടെയും കൊലപാതകം: രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി ഉന്നയിച്ചു
1537283
Friday, March 28, 2025 4:50 AM IST
കോഴിക്കോട്: താമരശേരിയില്‍ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റു മരിച്ച പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ മാതാപിതാക്കളും ഈങ്ങാപുഴയില്‍ ഭര്‍ത്താവ് യാസര്‍ കുത്തിക്കൊലപ്പെടുത്തിയ ഷിബിലയുടെ മാതാപിതാക്കളും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടു.
കോഴിക്കോട്ട് സ്വകാര്യ പരിപാടിക്കെത്തിയപ്പോഴാണ് മാതാപിതാക്കള്‍ മുഖ്യമ്രന്തിയെ കണ്ട് പരാതി ഉന്നയിച്ചത്. ഷഹബാസിന്റെ കൊലപാതകത്തില്‍ പിടിയിലായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ക്രൂരകൃത്യത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുക, നഞ്ചക്ക് വീട്ടില്‍ സൂക്ഷിച്ച വിദ്യാര്‍ഥിയുടെ പിതാവിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങളാണ് ഷഹബാസിന്റെ പിതാവ് ഇഖ്ബാല്മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.
ഷിബിലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിനുണ്ടായ വീഴ്ച അന്വേഷിക്കുക, യാസിറിന് കടുത്ത ശിക്ഷ ഉറപ്പാക്കുക എന്നിവയായിരുന്നു വീട്ടുകാരുടെ ആവശ്യം. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി രക്ഷിതാക്കള്‍ പറഞ്ഞു.
യാസിറിന്റെ ശാരീരിക ഉപദ്രവം സംബന്ധിച്ച് ഷിബില മുന്‍പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് ഗൗരവത്തിലെടുത്തില്ലെന്ന് കണ്ട് താമരളേരി സ്റ്റേഷനിലെ ഒരു എഎസ്ഐയെ സസ്പെന്‍ഡു ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കെതിരേയും നടപടി വേണമെന്ന് ഷിബിലയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യാസിറിനെതിരേ വനിതാ കമ്മീഷന് പരാതി നല്‍കുമെന്നും ഷിബിലയുടെ ബന്ധുക്കള്‍ അറിയിച്ചു. മയക്കുമരുന്നിന് അടിമയായ യാസിര്‍ മകളുടെ മുന്പില് വച്ച് ഷിബിലയെ കഴുത്തിനു കുത്തിക്കൊല്ലുകയായിരുന്നു.
സഹപാഠികളുടെ മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷഹബാസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഈ കേസില്‍ ആറു വിദ്യാര്‍ഥികളെ പോലീസ് പിടികൂടിയിരുന്നു. ഷിബിലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യാസിര്‍ റിമാന്‍ഡിലാണുള്ളത്.