തിക്കോടിയിൽ വളളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
1537085
Thursday, March 27, 2025 10:23 PM IST
പയ്യോളി: കോടിക്കലിൽ നിന്നും മത്സ്യബന്ധനത്തിന് പോയ തോണി കാറ്റിലും തിരയിലും പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. തിക്കോടി പുതിയ വളപ്പിൽ പാലക്കുളങ്ങരക്കുനി ഷൈജു(40 ) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുതിയവളപ്പിൽ രവി, പീടിക വളപ്പിൽ ദേവദാസ് എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.
കോടിക്കലിൽ നിന്നും പുറപ്പെടുമ്പോൾ കടൽ ശാന്തമായിരുന്നെങ്കിലും 15 കിലോമീറ്ററോളം എത്തിയപ്പോൾ ശക്തമായ കാറ്റിലും തിരയിലും പെട്ട് ഫൈബർ വള്ളം മറിയുകയായിരുന്നു. ഇവരുടെ ശബ്ദം കേട്ട് മറ്റൊരു വള്ളമെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷൈജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: നിഖില. പിതാവ്: ശ്രീധരൻ. മാതാവ്: സുശീല. സഹോദരങ്ങൾ: ഷെർളി, ഷൈമ.