കോടഞ്ചേരി പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
1536856
Thursday, March 27, 2025 5:27 AM IST
കോടഞ്ചേരി: 32,10,49,446 രൂപ വരവും 31,17,57,209 രൂപ ചെലവും നീക്കി ബാക്കി 92,92,237 രൂപയും പ്രതീക്ഷിക്കുന്ന കോടഞ്ചേരി പഞ്ചായത്തിന്റെ 2025 -26 വാർഷിക ബജറ്റ് അവതരിപ്പിച്ചു.
ആശാവർക്കർമാർക്ക് അധിക ധനസഹായമായി 1000 രൂപ വീതം പ്രതിമാസം നൽകുവാനും
ഗ്രാമീണ ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി തേവർ മലയിൽ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് സംയുക്ത പദ്ധതിയായി പഞ്ചായത്ത് വിഹിതമായി പത്തുലക്ഷം രൂപയും ഉൾപ്പെടുത്തി.
20 ലക്ഷം രൂപയുടെ വാച്ച് ടവർ നിർമിക്കും. കൂടാതെ രണ്ട് കോടി രൂപ മുതൽ മുടക്കിൽ പതങ്കയത്ത് ഡെസ്റ്റിനേഷൻ ചാലഞ്ചിൽ ഉൾപ്പെടുത്തി തൂക്കുപാലവും ടേക്ക് എ ബ്രേക്കും നിർമിക്കും.
വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി ആവശ്യപ്പെടുന്ന മുഴുവൻ കർഷകർക്കും സോളാർ ഫെൻസിംഗ് പദ്ധതി നടപ്പിലാക്കാൻ 15 ലക്ഷം രൂപ വകയിരുത്തി.കാർഷിക മേഖലയുടെ പുനർജീവനത്തിനായി 17 പദ്ധതികളിലായി 17068100 രൂപയും ക്ഷീര മേഖലയ്ക്കും മൃഗസംരക്ഷണത്തിനുമായി ഉൽപാദന മേഖലയിൽ 21093476 രൂപയും പഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി 38 ലക്ഷം രൂപയും വനിതകളുടെ സ്വയം സംരംഭങ്ങൾക്കായി 10 ലക്ഷം രൂപയും വനിതകളുടെയും കുട്ടികളുടെയും വിവിധ ക്ഷേമ പദ്ധതികൾക്കായി 54 ലക്ഷം രൂപയും വകയിരുത്തി.
തെയ്യപ്പാറ, നൂറാംതോട് ഗ്രൗണ്ടുകൾ നിർമാണ പ്രവർത്തികൾ പൂർത്തീകരിച്ച് യുവജന ക്ലബുകൾക്ക് കൈമാറാൻ ആവശ്യമായ 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരിയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ജമീല അസീസ് ബജറ്റ് അവതരിപ്പിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, ജോർജുകുട്ടി വിളക്കുന്നേൽ, ഷാജി മുട്ടത്ത്, റിയാനസ് സുബൈർ, ബിന്ദു ജോർജ്, റീന സാബു, സിസിലി ജേക്കബ്, ലീലാമ്മ കണ്ടത്തിൽ എന്നിവരുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി അന്തിമ ബജറ്റിന് അംഗീകാരം നൽകി.