മഞ്ഞപ്പിത്തം പടരുന്നു : ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന ശക്തം
1536850
Thursday, March 27, 2025 5:27 AM IST
താമരശേരി: പുതുപ്പാടി പഞ്ചായത്തും പുതുപ്പാടി കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് ആരോഗ്യ സുരക്ഷ പരിപാടിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷ പരിശോധന നടത്തി. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് തുടർ പരിശോധനകൾ ശക്തമാക്കിയത്.
കഴിഞ്ഞ മാസം വിവിധ സ്ഥാപനങ്ങളിൽ നിന്ന് ശേഖരിച്ച് അംഗീകൃത ലാബുകളിൽ പരിശോധിച്ച കുടിവെള്ള സാമ്പിളുകളിൽ പലതും ഗുണനിലവാരം ഇല്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം വെള്ളം ഉപയോഗിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്ന സോഡാ നിർമാണ യൂണിറ്റുകൾ അടച്ചു പൂട്ടുകയും ചെയ്തിരുന്നു. ഹെൽത്ത് കാർഡുകളും കുടിവെള്ള സ്രോതസുകളുടെ ഗുണനിലവാര സർട്ടിഫിക്കറ്റുകളും നിർബന്ധമാക്കി.
വേനൽക്കാലത്ത് വിവിധ രസക്കൂട്ടുകൾ ചേർത്ത ശീതള പാനീയങ്ങൾ വ്യാപകമായി വിൽപന നടത്തുന്നതും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷ്യ വസ്തുക്കൾ നിർമിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹെൽത്ത് സ്ക്വാഡിന്റെ രാത്രികാല പരിശോധനകൾ ശക്തമാക്കിയത്. മൂന്ന് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവച്ചു.
പൊതുജനാരോഗ്യ സുരക്ഷയുടെ ഭാഗമായി ആരോഗ്യ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും പരിശോധനകൾ തുടരുമെന്നും മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ ജമാൽ അറിയിച്ചു.
കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് ടി.എം. റഷീദ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ തേജാലക്ഷ്മി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. ഷാബി, എം.സി. ബഷീർ, ഫാത്തിമ ഫർഹാന, റിനിലാ കൃഷ്ണൻ, ഓഫീസ് സ്റ്റാഫ് രതീഷ് എന്നിവർ നേതൃത്വം നൽകി.