താക്കോൽ സ്ഥാനങ്ങളിലെല്ലാം വനിതകൾ; കൊടിയത്തൂരിൽ വനിത ദിനം വേറിട്ടതാവും
1516631
Saturday, February 22, 2025 4:29 AM IST
കൊടിയത്തൂർ: പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ, കൃഷി ഓഫീസർ തുടങ്ങി പഞ്ചായത്തിലെ പ്രധാന സ്ഥാനങ്ങളിലെല്ലാം വനിതകൾ നേതൃത്വം വഹിക്കുന്ന കൊടിയത്തൂരിൽ ഇത്തവണത്തെ വനിത ദിനാചരണവും വേറിട്ടതാകും.
ഇതിന്റെ ഭാഗമായുള്ള വിവിധ പ്രവർത്തനങ്ങൾക്ക് വനിത ദിനമായ മാർച്ച് എട്ടിന് മുന്നാഴ്ച മുമ്പ് തന്നെ തുടക്കം കുറിക്കുകയും ചെയ്തു. വനിതകളുടെ തൊഴിലിട സന്ദർശനം, വനിതകൾക്കായി നിയമപഠന ക്ലാസ്, സിഗ്നേച്ചർ കാന്പയിൻ, വനിത സംരഭക സംഗമം, പാലിയേറ്റീവ് ഹോം കെയർ, വനിത സൗഹൃദ വേദി സന്ദർശനം, തീം പ്രസന്റേഷൻ തുടങ്ങിയ പരിപാടികളാണ് വരും ദിവസങ്ങളിൽ നടക്കുക.
പഞ്ചായത്ത് ജാഗ്രത സമിതിയുടേയും മുക്കം ജനമൈത്രി പോലീസിന്റെയും നേതൃത്വത്തിൽ വനിതകളുടെ തൊഴിലിട സന്ദർശനത്തിന് കഴിഞ്ഞ ദിവസം കൊടിയത്തൂർ ജിഎംയുപി സ്കൂളിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, മുൻ പ്രസിഡന്റ് വി. ഷംലൂലത്ത്, പഞ്ചായത്തംഗം കെ.ജി സീനത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലെത്തി വനിതകളെ നേരിട്ട് കണ്ട് അവർക്ക് പറയാനുള്ളത് കേട്ടാണ് സംഘം തിരിച്ചു പോവുന്നത്. ആസൂത്രണം ചെയ്ത മറ്റു പരിപാടികൾ വരും ദിവസങ്ങളിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അറിയിച്ചു.