സാങ്കേതിക വിദ്യക്കൊപ്പം മാനവികതയും വളരണം: ബീന ഫിലിപ്പ്
1515958
Thursday, February 20, 2025 4:39 AM IST
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ ബിസിനസ് മാനേജ്മെന്റ് വിഭാഗവും ഓൾ ഇന്ത്യ മലയാളി അസോസിയേഷനും "അയ്മ' സംയുക്തമായി നടത്തുന്ന ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
അതിദ്രുതം വളരുന്ന സാങ്കേതികവിദ്യക്കൊപ്പം വിദ്യാർഥികളും കലാലയങ്ങളും കഴിവും അഭിരുചിയും വളർത്തിയെടുക്കണമെന്നും മാനവിക മൂല്യങ്ങളിൽ അധിഷ്ഠിതമായിരിക്കണം ഏതൊരു വികസന മാതൃകയുമെന്നും മേയർ അഭിപ്രായപ്പെട്ടു. ചെറു മീനുകളെ വിഴുങ്ങുന്ന വൻ സ്രാവുകളെപ്പറ്റി ബോധവാന്മാരായിരിക്കണമെന്ന് വാണിജ്യവൽക്കരണത്തിന്റെ അതിപ്രസരത്തെ ചൂണ്ടി മേയർ പറഞ്ഞു.
രണ്ടു ദിവസങ്ങളിലായി നടത്തപ്പെടുന്ന കോൺക്ലേവിൽ അന്താരാഷ്ട്ര പ്രാസംഗികർ ഉൾപ്പെടെ മുന്നൂറോളം ഡെലിഗേറ്റ്സ് പങ്കെടുക്കും. ദേവഗിരി അയ്മ ബിസിനസ് അവാർഡ്സ് സമാപന സമ്മേളനത്തിൽ വച്ച് നൽകും.
ഉദ്ഘാടന സമ്മേളനത്തിൽ ദേവഗിരി സ്ഥാപനങ്ങളുടെ മാനേജർ ഫാ. ബിജു കെ. ഐസക്, പ്രിൻസിപ്പൽ ഡോ. ബോബി ജോസ്, അയ്മ നാഷണൽ സെക്രട്ടറി വി.പി. സുകുമാരൻ, ബിസിനസ് മാനേജ്മെന്റ് മേധാവി മനു ആന്റണി, കോൺക്ലേവ് കോർഡിനേറ്റർ ഡോ. പ്രേമാനന്ദ്, ഡോ. പി.എം. ഉഷ എന്നിവർ പ്രസംഗിച്ചു.