മലിനീകരണം : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
1516623
Saturday, February 22, 2025 4:22 AM IST
കോഴിക്കോട്: കട്ടിപ്പാറ ഇരുതുള്ളിപുഴയുടെ തീരത്ത് നിയമവിരുദ്ധമായി 2019 മുതൽ പ്രവർത്തിക്കുന്ന കോഴിഅറവ് മാലിന്യ സംസ്കരണ പ്ലാന്റ സൃഷ്ടിക്കുന്ന പരിസ്ഥിതി, പുഴ മലിനീകരണം കാരണം കോടഞ്ചേരി, ഓമശേരി, താമരശ്ശേരി പഞ്ചായത്തുകളിലെ ആയിരത്തോളം കുടുംബങ്ങൾ ദുരിതം അനുഭവിക്കുകയാണെന്ന പരാതിയിൽ അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കോഴിക്കോട് ജില്ലാ കളക്ടർക്കും മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് നിർദ്ദേശം നൽകിയത്. രണ്ടാഴ്ചക്കകം ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മാർച്ച് 26 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.വീടിനകത്തു പോലും ദുർഗന്ധം അനുഭവപ്പെടുകയാണെന്ന് പരാതിയിൽ പറയുന്നു.
ഇരുതുള്ളിപുഴയുടെ വിവിധ കേന്ദ്രങ്ങളിൽ നിരവധി ജലനിധി കിണറുകൾ ഉണ്ട്. വിവിധ സ്ഥലങ്ങളിൽ ജലം വിതരണം ചെയ്യുന്നത് ജലനിധി കിണറുകളിൽ നിന്നാണ്. കോഴിക്കോട് ജില്ലയിലെ മുഴുവൻ കോഴി അറവ് മാലിന്യങ്ങളും കട്ടിപ്പാറയിലെ ഏക പ്ലാന്റിലെത്തിച്ചാണ് സംസ്കരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
അളവിലധികം മാലിന്യം അശാസ്ത്രീയമായി സംസ്കരിക്കുന്നത് കാരണം ആയിരക്കണക്കിന് ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഇരുതുള്ളിപുഴ സംരക്ഷണ ജനകീയ സമിതിക്ക് വേണ്ടി കൺവീനർ പുഷ്പൻ നന്ദൻ സും ചെയർമാൻ ബാബുവും സമർപ്പിച്ച പരാതിയിലാണ് നടപടി.