വൃക്ക രോഗ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
1515961
Thursday, February 20, 2025 4:39 AM IST
മുക്കം: സമൂഹത്തിൽ വൃക്കരോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുക, സമൂഹത്തിൽ വൃക്കരോഗികളുടെ എണ്ണം കുറച്ച് കൊണ്ട് വരിക തുടങ്ങിയ ലക്ഷ്യങ്ങളോടെ വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
ബോധവത്കരണത്തിലൂടെയും നേരത്തെയുള്ള രോഗനിർണയത്തിലൂടെയും ഒരു പരിധിവരെ രോഗ വ്യാപനം തടയാൻ സാധിക്കുമെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊടിയത്തൂർ പഞ്ചായത്തിൽ വാർഡുകൾ തോറും ബോധവത്കരണവും രോഗനിർണയ ക്യാമ്പും സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് പഞ്ചായത്ത് പതിനൊന്നാം വാർഡിലും പഞ്ചായത്തിന്റെയും പൊറ്റമ്മൽ ജനകീയ കൂട്ടായ്മയുടേയും ഹെൽപിംഗ് ഹാൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടേയും നേതൃത്വത്തിൽ സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി. ഡോ. വിജയൻ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.
പഞ്ചായത്തംഗം കെ.ജി. സീനത്ത്, അബ്ദുറഹിമാൻ കുറുവാടങ്ങൽ, പി.എം. നാസർ, അബൂബക്കർ, സി.വി. സഫിയ, ജമീല ചേറ്റൂർ, സി.വി.എം. കുട്ടി, ഇമ്പിച്ചമ്മദ് ചേറ്റൂർ, ആശാവർക്കർ സുബൈദ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ തുടങ്ങിയവർ നേതൃത്വം നൽകി.