കാട്ടുപന്നിശല്യം: എടച്ചേരിയിലെ കർഷകർ ദുരിതത്തിൽ
1516278
Friday, February 21, 2025 5:07 AM IST
നാദാപുരം: എടച്ചേരി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. നിരവധി കർഷകരുടെ തെങ്ങിൻ തൈകൾ ഉൾപ്പെടെയുള്ള വിളകൾ കാട്ടുപന്നികൾ നശിപ്പിച്ചു. പതിനഞ്ചാം വാർഡിലെ ചാലിൽ യാസർ, കുഴിവയിൽ രാജീവൻ എന്നിവരുടെ അത്യുത്പാദന ശേഷിയുള്ള നിരവധി ഗംഗാബോണ്ടം തൈകളാണ് കാട്ടുപന്നികൾ കുത്തിമലർത്തി നശിപ്പിച്ചത്.
ഏതാണ്ട് രണ്ട് വർഷങ്ങൾക്കു മുമ്പാണ് ഇരുവരും ചേർന്ന് 300 രൂപയിലധികം വിലയുള്ള 50 ഓളം കുള്ളൻ തൈകൾ വാങ്ങി നട്ടുപിടിപ്പിച്ചത്. ഏതാണ്ട് എല്ലാ തെങ്ങുകളും കുലച്ച സമയത്താണ് പന്നികൾ കൂട്ടത്തോടെ എത്തി ഇവ നശിപ്പിച്ചത്. കുലച്ചു വരാറായ തൈകളുടെ കൂമ്പടക്കം ഒടിച്ചുമാറ്റിയ നിലയിലാണ്. വാഴകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
കളിയാംവെള്ളി കനാലിനോട് ചേർന്ന് നിൽക്കുന്ന കൈകണ്ടങ്ങളിലാണ് ഏറ്റവും കൂടുതൽ പന്നികളുടെ ആക്രമണം നേരിടുന്നത്. കനാൽ തീരത്തു നിന്നു മാറി നിറയെ വീടുകൾ നിലനിൽക്കുന്ന പറമ്പുകളിലും പന്നികൾ രാത്രികാലങ്ങളിൽ എത്തി പച്ചക്കറി ഉൾപ്പെടെയുള്ള കൃഷികളും നശിപ്പിക്കുന്നുണ്ട്.
മാസങ്ങൾക്കു മുമ്പ് ഹോട്ടൽ ജീവനക്കാരനായ യുവാവിന് നേരെ പന്നി ആക്രമണം നടന്നിരുന്നു. ഇതോടുകൂടി പന്നികളെ കൊല്ലാൻ പ്രത്യേകം ലൈസൻസ് ഉള്ള ആളുകൾ പുറമേരി പഞ്ചായത്തിൽ നിന്നും എത്തി വെടി വച്ചു കൊല്ലാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്.
പതിനഞ്ചാം വാർഡിന് പുറമേ എടച്ചേരിയിലെ പതിനാറാം വാർഡിലും പന്നി ശല്യം രൂക്ഷമായി നിലനിൽക്കുന്നുണ്ട്. ഇവിടെയുള്ള നിരവധി കർഷകരുടെ വയലുകളിലും വീട്ടു പറമ്പിലും വളർത്തുന്ന കാർഷിക ഉത്പന്നങ്ങളും പന്നികൾ നശിപ്പിച്ചു. അതേസമയം പന്നികളിൽ നിന്നും തങ്ങളുടെ കാർഷിക വിളകൾ സംരക്ഷിക്കാൻ പലതരത്തിലുള്ള വേലികൾ പണിതിട്ടു പോലും ഇവയുടെ ശല്യം തടയാൻ സാധിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.
കമ്പിവേലികളുടെ അടി ഭാഗം ഇളക്കി മാറ്റിയാണ് പന്നികൾ തൈ തെങ്ങുകൾ ഉൾപ്പെടെയുള്ളവ നശിപ്പിക്കുന്നതെന്നും കർഷകർ പറയുന്നു. ജീവനും സ്വത്തിനും ഭീഷണിയായ പന്നിക്കൂട്ടങ്ങളെ നശിപ്പിക്കാൻ ആവശ്യമായ നടപടികൾ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.