ഏകീകൃത ഭിന്നശേഷി തിരിച്ചറിയൽ കാർഡ് വിതരണം മൂന്ന് മാസത്തിനുള്ളില്‍
1516620
Saturday, February 22, 2025 4:22 AM IST
നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയാകാൻ കോഴിക്കോട്
കോഴിക്കോട്: ഭിന്നശേഷി വിഭാഗക്കാരുടെ സമ്പൂർണ തിരിച്ചറിയൽ രേഖയായ യുഡിഐഡി കാർഡ് വിതരണം ജില്ലയിൽ മെയ് മാസം അവസാനത്തോടെ പൂർത്തിയാക്കാനുള്ള നടപടികൾ നടന്നുവരുന്നതായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു.
ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും മറ്റു വകുപ്പുകളുടെയും നേതൃത്വത്തിലുള്ള പ്രത്യേക പദ്ധതിയായ സഹമിത്രയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. യുഡിഐഡി കാർഡ് വിതരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പുതുതായി മെഡിക്കൽ ബോർഡ് ആവശ്യമായിട്ടുള്ള യുഡിഐഡി അപേക്ഷകൾ പൂർത്തിയാക്കാനായി ബ്ലോക്ക് അടിസ്ഥാനത്തിൽ മെഗാ ഭിന്നശേഷി നിർണയ ക്യാമ്പുകൾ ജില്ലയിലുടനീളം സംഘടിപ്പിക്കും.കെഎസ്എസ്എം, ജില്ലാ കളക്ടറുടെ ഇന്റേൺമാർ, മറ്റു സന്ധദ്ധപ്രവർത്തകൾ എന്നിവരുടെ നേതൃത്വത്തിൽ ഫെബ്രുവരി 28 മുതലാണ് ബ്ലോക്ക്തല ക്യാമ്പുകൾ സംഘടിപ്പിക്കുക.
ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ താലൂക്ക്തല ആശുപത്രി സൂപ്രണ്ട്മാർ, സാമൂഹ്യ നീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷ മിഷൻ, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.