"ജനനി' വന്ധ്യതാനിവാരണപദ്ധതി; ഗുണഭോക്താക്കളുടെ കുടുംബസംഗമവും
1516295
Friday, February 21, 2025 5:22 AM IST
കോഴിക്കോട്: കണ്ടംകുളങ്ങര ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടന്നുവരുന്ന"ജനനി' വന്ധ്യതാനിവാരണപദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമവും ഹാപ്പി പേരന്റിംഗ് സെമിനാറും 22ന് ശനിയാഴ്ച പുതിയങ്ങാടിയിലെ ഒലിവ് കണ്വെന്ഷന് സെന്ററില്‍ നടക്കും. "സുകൃതം 2025' എന്ന് പേരിട്ടിരിക്കുന്ന പരിപാടി വനം-വന്യജീവിവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ്, എം.കെ. രാഘവന് എംപി. എന്നിവര്‍ മുഖ്യാതിഥികളാകും.
വന്ധ്യത ചികിത്സയില്‍ ഹോമിയോപ്പതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ആയുഷ് ഹോമിയോപതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് "ജനനി'. ഇരുപങ്കാളികളെയും ഒരുമിച്ചിരുത്തി വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷം, ആധുനിക ലാബ് പരിശോധന സംവിധാനങ്ങളുടെ സഹായത്തോടെ കാരണങ്ങള്‍ മനസിലാക്കി യോജിച്ച മരുന്നു നിര്‍ണയിക്കുന്നു.
2012 ഓഗസ്റ്റിലാണ് ജില്ലയില്‍ "ജനനി' പദ്ധതി ആരംഭിക്കുന്നത്. നാളിതുവരെ 643 ഓളം പോസറ്റീവ് കേസുകളും 421 കുഞ്ഞുങ്ങളും ഈ ചുരുങ്ങിയ കാലയളവില്‍ ഉണ്ടായിട്ടുണ്ട്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും പൂര്ണ്ണസഹകരണത്തോടെയാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്."ജനനി' പദ്ധതി വഴി അമ്മമാരായ നൂറിലേറെ വനിതകളും അവരുടെ കുഞ്ഞുങ്ങളും പരിപാടിയില്‍ പങ്കെടുക്കാനെത്തുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസും ഹോമിയോ ഡിഎംഒ ഡോ. കവിത പുരുഷോത്തമനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഹാപ്പി പേരന്റിംഗ് എന്ന വിഷയത്തില്‍ സൈക്കോളജിസ്റ്റ് റെനിറ്റ മോണിക്ക റോഡ്രിഗസ് ക്ലാസെടുക്കും. കുറഞ്ഞ ചിലവില്‍ ഫലപ്രദമായ ഹോമിയോപ്പതി ചികിത്സ ലഭ്യമാണെന്ന സന്ദേശം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബസംഗമം സംഘടിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ നാഷനല്‍ ആയുഷ് മിഷന് ഡി.പി.എം. ഡോ. അനീന പി. ത്യാഗരാജ്, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. അച്ചാമ്മ ലെനു തോമസ്, ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, നഗരസഭാ കൗണ്‍സിലര്‍ വി.പി. മനോജ്, ജനനി പദ്ധതി കണ്‍വീനര്‍ ഡോ. കെ.വി. വിവേക്എന്നിവരും പങ്കെടുത്തു.