സന്ദര്‍ശകരെ ആകര്‍ഷിച്ച് ഐഐഎസ്ആറിലെ കാര്‍ഷികോത്പന്ന മേള
1516283
Friday, February 21, 2025 5:07 AM IST
കോഴിക്കോട്: സന്ദര്‍ശകരെ ആകര്‍ഷിച്ച് ചെലവൂരിലെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ കാര്‍ഷികോത്പന്ന പ്രദര്‍ശന -വിപണനമേള. കൃഷിയ്ക്കു വേണ്ടിയുള്ള അത്യുത്പാദനശേഷിയുള്ള വിത്തുകള്‍, നടീല്‍ വസ്തുക്കള്‍, അടുക്കളയിലേക്ക് വിവിധ തരം മൂല്യവര്‍ധിത റെഡി-ടു-യൂസ് ഉത്പന്നങ്ങള്‍, ആരോഗ്യസംരക്ഷണത്തിന് കൂണ് ഉത്പന്നങ്ങള്‍, ബയോട്ടിന്‍ തുടങ്ങി നിരവധി ഉത്്പന്നങ്ങളാണ് പ്രദര്ശനമേളയിലുള്ളത്.
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ നൂറോളം വരുന്ന ചെറുകിട സംരംഭകരും കാര്‍ഷിക സംഘങ്ങളുമാണ് വിവിധതരം ഉത്്പന്നങ്ങളുമായി പൊതുജനങ്ങളെ ആകര്‍ഷിക്കുന്നത്.
ഐഐഎസ്ആറിന്റെ തന്നെ വിവിധ തരം ജൈവ ഉപാധികള്‍, ബയോക്യാപ്സ്യൂളുകള്‍, വിവിധ തരം സുഗന്ധവ്യഞ്ജന ഇനങ്ങള്‍ എന്നിവ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആരോഗ്യസംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കാവുന്ന കൂണിന്റെ മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍, കാസര്‍ഗോഡുനിന്നുള്ള ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ലഭ്യമാക്കുന്ന വിവിധ രുചിയുള്ള തേനുത്പന്നങ്ങള്‍, സോഫ്റ്റ് ഡ്രിങ്ക് മാതൃകയില്‍ വിപണിയിലിറക്കുന്ന തേങ്ങാവെള്ളം കൊണ്ടുള്ള കൊക്കോ കൂള്‍ എന്നിങ്ങനെ വിവിധങ്ങളായ ഉത്പന്നങ്ങളും മേളയുടെ ഭാഗമായുണ്ട്.
കുത്താമ്പുള്ളി നെയ്ത്തുഗ്രാമത്തില്‍ നിന്നുള്ള തുണിത്തരങ്ങള്‍, കരകൗശലവസ്തുക്കള്‍ എന്നിവയുടെ ശ്രേണിയും മേളയിലുണ്ട്. ഇഞ്ചി, മഞ്ഞള്‍, ചേന, കാച്ചില് തുടങ്ങിയവയുടെ വിത്തുകള്‍ ലഭ്യമാണ്. മേളയുടെ ഭാഗമായി എത്തുന്നവര്‍ക്ക് സൗജന്യ നേത്രപരിശോധന ക്യാമ്പും ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്നുണ്ട്.
ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങള്‍ പൊതുജനങ്ങളിലേക്ക് നേരിട്ടെത്തിക്കാന്‍ അവസരമൊരുക്കുകയും സംരംഭക പ്രവണത പ്രോത്സാഹിപ്പിക്കാനും ലക്ഷ്യംവച്ചാണ് ഗവേഷണ സ്ഥാപനത്തിലെ അഗ്രിബിസിനെസ് ഇന്‍ക്യൂബേറ്ററിന്റെ നേതൃത്വത്തില്‍ മേള സംഘടിപ്പിക്കുന്നത്.
എക്സിബിഷന് സ്റ്റാളുകളുടെ ഉത്ഘാടനം ഐഐഎസ്ആര്‍ ഡയറക്ടര്‍ ഡോ. ആര്. ദിനേശ് നിര്‍വഹിച്ചു. സുഗന്ധവിള ഗവേഷണ സ്ഥാപനത്തില്‍ നടക്കുന്ന റൈസ് ആപ്പ് സംരംഭക മേളയോടനുബന്ധിച്ചുള്ള പ്രദര്‍ശന വിപണനമേള ഇന്ന് സമാപിക്കും. രാവിലെ 11.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കൃഷി മന്ത്രി പി.പ്രസാദ് മുഖ്യാതിഥിയാവും.