കോഴിക്കോട് -ബാലുശേരി റോഡ് : ഭൂമി ഏറ്റെടുക്കല്‍ നടപടി അന്തിമഘട്ടത്തില്‍
1516281
Friday, February 21, 2025 5:07 AM IST
കോഴിക്കോട്: കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന കോഴിക്കോട് - ബാലുശേരി റോഡിന്റെ ഭൂമി ഏറ്റെടുക്കലിന്റെ അവസാന ഘട്ട നടപടിയായി 19(1) നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചതായി വനംമന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു.
കാരപ്പറമ്പ് മുതല്‍ ബാലുശേരിമുക്ക് വരെ 20.32 കിലോ മീറ്റര്‍ നീളം വരുന്ന റോഡില്‍ കാരപ്പറമ്പ് മുതല്‍ കക്കോടി പാലം വരെ നാല് വരി പാതയും കക്കോടിപാലം മുതല്‍ ബാലുശേരി മുക്ക് വരെ രണ്ടു വരി പാതയുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. റോഡിന്റെ ഭൂമി ഏറ്റെടുക്കലിന്റെ ചെലവിനായി 152.6 കോടി രൂപ സ്പെഷല്‍ തഹസില്‍ദാര്‍ക്ക് (എല്‍.എ കിഫ്ബി) നല്‍കിയിട്ടുണ്ട്.
19 (1) വിജ്ഞാപനം പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് വനംമന്ത്രിയുടെ ചേംബറില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള നഷ്ടപരിഹാരം (1024 പേര്‍ക്ക്) നല്‍കുന്നത് വേഗത്തിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ത്വരിതഗതിയിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മാര്‍ച്ച് ഒന്നിന് വനംമന്ത്രിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് കളക്ടറേറ്റില്‍ യോഗം ചേരും.
റോഡ് നിര്‍മാണത്തിനായി ഏകദേശം 125 കോടി രൂപയുടെ ഡിപിആര്‍ തയാറാക്കി കിഫ്ബിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ കോഴിക്കോട് - ബാലുശേരി റോഡില്‍ കക്കോടിയില്‍ പുതിയ പാലം നിര്‍മിക്കുന്നതിന് ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ 13 കോടി രൂപയുടെ ഡിപിആറും സമര്‍പ്പിച്ചിട്ടുണ്ട്.