പെരുവണ്ണാമൂഴിയിൽ "കുളം തോണ്ടി' മലയോര ഹൈവേ നിർമാണം
1516298
Friday, February 21, 2025 5:22 AM IST
ചക്കിട്ടപാറ: ചെമ്പ്ര ചക്കിട്ടപാറ പെരുവണ്ണാമൂഴി മലയോര ഹൈവേ നിർമാണത്തിൽ സ്വകാര്യ താൽപ്പര്യത്തിനു മുൻഗണന നൽകുന്നതായി പരാതി. പാതയുടെ താഴത്തു വയൽ ഭാഗം ജലസേചന വകുപ്പിന്റെ നീർപ്പാലത്തിനടിയിലൂടെയാണ് കടന്നു പോകുന്നത്.
വലിയ ലോറികൾ അടക്കം കടന്നുപോകാൻ നേരത്തെ തന്നെ ബുദ്ധിമുട്ട് നേരിടുന്ന ഭാഗമാണിത്. വളവും കയറ്റവുമുണ്ട്. മഴക്കാലത്ത് കുറ്റ്യാടിപ്പുഴയിൽ നിന്നു വെള്ളം കയറി എല്ലാ വർഷവും റോഡ് മുങ്ങാറുണ്ട്.
ഇതിനു പരിഹാരമായി മലയോര ഹൈവേ നീർപ്പാലത്തിന്റെ മുകൾ ഭാഗത്തു കൂടി വേണമെന്നു മുമ്പേ ആവശ്യമുയർന്നതാണ്. ഇത് കാറ്റിൽപ്പറത്തി നീർപ്പാലത്തിനടി വശം ഇപ്പോൾ കുഴിച്ചു താഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇത് മഴക്കാലത്ത് കൂടുതൽ ആഴമുള്ള കുളമായി മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലമാണിത്. റോഡ് ഇതിലെ തന്നെ വേണമെന്നു പറയുന്നവർ വളവ് നിവർത്താൻ തയാറാകണം. സർക്കാർ സ്ഥലവും സ്വകാര്യ സ്ഥലവും അളന്നു തിട്ടപ്പെടുത്തിയാൽ മലയോര പാത വളവ് ഒഴിവാക്കി നേരെയാക്കാമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.