ദേശീയപാതയോരത്തെ കുഴിയില്‍വീണ് ഭക്ഷണ വിതരണ ജീവനക്കാരന് മരിച്ച സംഭവം : പോലീസ് നോട്ടീസിന് മറുപടി നല്‍കാതെ ദേശീയപാതാ അധികൃതര്‍
1516277
Friday, February 21, 2025 5:07 AM IST
കോഴിക്കോട്: ദേശീയപാത നവീകരണം നടക്കുന്ന നേതാജി റോഡ് ജംഗ്ഷന് ഭാഗത്തെ സുരക്ഷാഭിത്തിയില്ലാത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനി ജീവനക്കാരന് എം.രഞ്ജിത്ത് (40) മരിച്ച സംഭവത്തില്തുടരന്വേഷണത്തിന് പോലീസ്. ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരായ മൂന്നുപേരെ പ്രതിചേര്‍ക്കാന്‍ പോലീസ് നീക്കം നടത്തുമ്പോഴും ഇതുമായി ബന്ധപ്പെട്ട നൂലാമാലകള്‍ ഏറെയാണ്.
അപകടത്തിന് ഉത്തരവാദികളായി അന്വേഷണ സംഘം കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ വിവരം അറിയിക്കാന്‍ എന്‍എച്ച്എഐക്ക് േപാലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന്മേല് തുടര്‍ നടപടികള്‍ ദേശീയപാത വിഭാഗംസ്വീകരിച്ചിട്ടില്ല. ആര്‍ക്കാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമെന്ന കാര്യത്തിലും അവ്യക്തതയുണ്ട്. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയാകും ദേശീയപാത അധികൃതരുടെ തുടര്‍ നീക്കങ്ങള്‍.
എന്‍എച്ച്ഐക്ക് അപകടത്തില്‍ ഉത്തരവാദിത്തമുണ്ടെന്നുകാണിച്ച് ഹൈക്കോടതിയിൽ പോലീസ് റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. ഇനി എന്‍എച്ച്ഐ അധികൃതര്‍ നല്കുന്ന വിശദീകരണം കൂടി കേട്ടശേഷമായിരിക്കും നിയമനടപടികള്‍ എന്നാണ് സൂചന. അധികൃതര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കൈമാറിയാല്‍ മാത്രമേ തുടര്‍നടപടികളുമായി പോലീസിന് പോകാന്‍ കഴിയു.
ഈ മാസം മൂന്നിന് നടന്ന അപകടത്തില്‍ ആദ്യം ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നു സംഭവത്തില്‍ ദേശീയപാത അധികൃതര്‍ക്കും പങ്കുണ്ടെന്ന് ആരോപണം ഉയരുകയും വിവാദമായതോടെ സ്ഥലം റവന്യു ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും മെഡിക്കല്‍ കോളജ് പോലീസ് പരിധിയിലാണ് അപകടം നടന്നതെന്നു സ്ഥിരീകരിച്ച് അന്വേഷണം മെഡിക്കല്‍ കോളജ് പൊലീസിനു കൈമാറുകയുമായിരുന്നു.
സംഭവ സ്ഥലത്തു നിര്‍ത്തിയിട്ട ലോറികളിലെ ഡ്രൈവര്‍മാര്‍, പരിസരവാസികള്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനി പ്രതിനിധികള്‍, ദേശീയപാത കരാര്‍ കമ്പനി, എന്‍എച്ച്എഐ കോഴിക്കോട് മേഖലാ ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്നു പോലീസ് മൊഴിയെടുത്തിട്ടുണ്ട്. അപകടത്തില്‍ ഉള്‍പ്പെട്ട ബൈക്ക് സഞ്ചരിച്ച വഴി തിരിച്ചറിയാന്‍ വിവിധ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
റോഡ് നിര്‍മാണത്തിലെ സുരക്ഷാ വീഴ്ചയാണ് അപകടത്തിനും അതുവഴി മരണത്തിനും കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് വിവരം ലഭിച്ചിരുന്നു.