കട്ടിപ്പാറ നസ്റത്ത് യുപി ജേതാക്കൾ
1516625
Saturday, February 22, 2025 4:22 AM IST
കട്ടിപ്പാറ: ഉറുദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ താമരശേരി സബ്ജില്ല സംഘടിപ്പിച്ച ഉറുദു ഫുട്ബോൾ ധമാക്ക ടൂർണമെന്റിൽ വിജയ കിരീടം ചൂടി. തുടർച്ചയായി രണ്ടാം തവണയും കട്ടിപ്പാറ നസ്റത്ത് യുപി സ്കൂൾ. പൂനൂർ ലയൺസ് ക്ലബ് ടർഫിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ചമൽ നിർമല യുപി സ്കൂളിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോൽപ്പിച്ചാണ് കിരീടം ചൂടിയത്.
താമരശേരി വിദ്യാഭ്യാസ ജില്ല ഉറുദു അക്കാദമിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിൽ താമരശേരി സബ് ജില്ലയിലെ ഉറുദു പഠിക്കുന്ന വിദ്യാർഥികളാണ് പങ്കെടുത്തത്. മത്സരത്തിൽ യുപി വിഭാഗത്തിൽ കട്ടിപ്പാറ നസ്റത്ത് യുപി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളും ജേതാക്കളായി.
യുപി വിഭാഗത്തിൽ തുടർച്ചയായി രണ്ടാം തവണയാണ് നസ്റത്ത് യുപി സ്കൂൾ എവർ റോളിംഗ് ട്രോഫി കരസ്ഥമാക്കുന്നത്. താമരശേരി എഇഒ പി. വിനോദ് ഉദ്ഘാടനം ചെയ്തു. സബ്ജില്ല കൺവീനർ പി.കെ. ഹനീഫ് അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ട്രോഫികൾ ഉണ്ണികുളം പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. അബ്ദുള്ള വിതരണം ചെയ്തു.