സംസ്ഥാന പാതയോരത്ത് വീണ്ടും മാലിന്യം തള്ളി
1515959
Thursday, February 20, 2025 4:39 AM IST
മുക്കം: ഇരുവഴിഞ്ഞി പുഴയിലേക്കുള്‍പ്പെടെ മഴ വെള്ളം ഒഴുകിയെത്തുന്ന ഡ്രൈനേജിലേക്ക് കക്കൂസ് മാലിന്യം തള്ളി. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടത്ത് കറുത്തപറമ്പിലെ റോഡരികിലുള്ള ഡ്രൈനേജിലേക്കാണ് കക്കൂസ് മാലിന്യം തള്ളിയത്. ഇന്നലെ പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം.
ഇതിന്റെ സിസിടിവി ദൃശ്യങ്ങളും നാട്ടുകാര്‍ പറത്തുവിട്ടു. ടാങ്കറില്‍ എത്തിച്ച് കക്കൂസ് മാലിന്യം തോട്ടിലേക്ക് തള്ളുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ മാസം ഒന്‍പതിന് വലിയ ടാങ്കർ ലോറിയിൽ എത്തിച്ച് കക്കൂസ് മാലിന്യം തള്ളുന്നത് നാട്ടുകാർ പിടികൂടുകയും മുക്കം പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കാരശേരി പഞ്ചായത്ത് 50,000 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.
നടപടികൾ തുടരുമ്പോഴും ഇപ്പോഴും തുടർച്ചയായി മാലിന്യം തള്ളുകയാണെന്നും കടുത്ത വേനലിൽ കുടിവെള്ള സ്രോതസിൽ മാലിന്യം തള്ളുന്നതോടെ നിരവധി പേർക്ക് പകർച്ചവ്യാധികൾ ഉണ്ടാവാൻ കാരണമാകുമെന്നും നാട്ടുകാർ പറയുന്നു.